എം.എം. മണി, കെ.കെ.രമ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: നിയമസഭയില്‍ കെകെ രമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് എംഎം മണി. വിവാദ പരാമര്‍ശത്തില്‍ സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എംഎം മണി പരാമര്‍ശം പിന്‍വലിച്ചത്.
'താന്‍ മറ്റൊരു ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന ആയിരുന്നില്ല അത്. എന്നാല്‍ തന്റെ പരാമര്‍ശം മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റുകാരനായ താന്‍ വിധി എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു'. അതുകൊണ്ട് വിവാദ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് എംഎം മണി സഭയില്‍ പറഞ്ഞു.
എംഎം മണിയുടെ പരാമര്‍ശത്തില്‍ തെറ്റായ ഭാഗങ്ങള്‍ അന്തര്‍ലീനമായിട്ടുണ്ട്, അതൊട്ടും പുരോഗമനപരമായ നിലപാടല്ലെന്ന് ഇന്ന് സഭയില്‍ സ്പീക്കര്‍ എംബി രാജേഷ് അഭിപ്രായപ്പെട്ടിരുന്നു. ഒരു വാക്കിന് തന്നെ പല സാഹചര്യത്തില്‍ പല അര്‍ത്ഥങ്ങളാവും, എല്ലാ ആളുകള്‍ക്കും അത് ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും സ്പീക്കര്‍ നിരീക്ഷിച്ചു. പിന്നാലെയാണ് എംഎം മണി പരാമര്‍ശം പിന്‍വലിച്ചത്.
അതിനിടെ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗവും പാരമര്‍ശം പിന്‍വലിക്കാന്‍ എംഎം മണിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ജൂലായ് 14നാണ് നിയമസഭയില്‍ എംഎം മണി കെകെ രമയ്‌ക്കെതിരായ വിവാദ പ്രസ്താവന നടത്തിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സിപിഎം നേതാക്കള്‍ മണിയുടെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എംഎം മണി പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..