എസ് രാജേന്ദ്രൻ, എംഎം മണി | photo: mathrubhumi
ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരേ തുറന്നടിച്ച് മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം.എല്‍.എയുമായ എം.എം മണി. തക്കതായ കാര്യമുള്ളതിനാലാണ് പാര്‍ട്ടി രാജേന്ദ്രനെതിരേ അന്വേഷണ കമ്മീഷനെ വെച്ചതെന്നും ജാതിയുടെ ആളായി അദ്ദേഹത്തെ പാര്‍ട്ടി കണ്ടിട്ടില്ലെന്നും എംഎം മണി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. രാജേന്ദ്രന് ഇപ്പോള്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്ന തരത്തിലാണ് മണിയുടെ പ്രതികരണം.
രാജേന്ദ്രന്‍ എവിടെയാണെന്ന് പാര്‍ട്ടിക്ക് അറിയില്ല. അദ്ദേഹം പറയുന്നതെല്ലാം ശുദ്ധ വിവരക്കേടാണ്. മുമ്പ് ജില്ലാ പഞ്ചായത്ത് അധ്യക്ഷനാക്കിയപ്പോഴും 15 വര്‍ഷം എംഎല്‍എ ആക്കിയപ്പോഴും അദ്ദേഹം പള്ളനാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അല്ലാതെ ബ്രാഹ്മണനാണെന്ന് ഓര്‍ത്തല്ല ഇതൊന്നും ചെയ്തതെന്നും മണി പ്രതികരിച്ചു.
സ്വന്തം വ്യക്തി ജീവിതത്തെക്കുറിച്ച് രാജേന്ദ്രന്‍ തന്നെ പരിശോധിക്കണം. ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. പാര്‍ട്ടിക്കെതിരേയുള്ള രാജേന്ദ്രന്റെ പ്രതികരണം അദ്ദേഹം ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നതിനുള്ള തെളിവെന്നും മണി പറഞ്ഞു.
ജാതിയുടെ ആളായി തന്നെ പാര്‍ട്ടി ചിത്രീകരിച്ചുവെന്നും അതിനാല്‍ ജാതിയുടെ ആളായി പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് എംഎം മണിയുടെ പ്രതികരണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ രാജേന്ദ്രന്‍ ശ്രമിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍.
content highlights: mm mani statement against former mla s rajendran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..