തിരുവനന്തപുരം:  സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണിയെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാമര്‍ശം തെറ്റാണെന്നും വിഷയം പാര്‍ട്ടി സെക്രട്ടേറിയേറ്റില്‍ ചര്‍ച്ച ചെയ്യുമെന്നും കോടിയേരി വളയത്ത് പറഞ്ഞു. ഇതോടെ മണിക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പായി. 

നേരത്തെ മണിയെ തള്ളി മുഖ്യമന്ത്രിയടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പരാമര്‍ശം ശരിയല്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പരാമര്‍ശത്തിനെതിരെ സി.പി.എം വനിതാ നേതാക്കളും പ്രതിഷേധവുമായെത്തി. സ്ത്രീവിരുദ്ധമായ ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സെക്രട്ടേറിയറ്റില്‍ ഇത് ഉന്നയിക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സഹോദരിമാരെ അപമാനിക്കുന്ന പരാമര്‍ശം ശരിയായില്ലെന്ന് പി.കെ ശ്രീമതി എം.പിയും പ്രതികരിച്ചു.

ആര്‍ക്കും എന്തും വിളിച്ചു പറയാമെന്ന രീതി നല്ലതല്ലെന്നായിരുന്നു മന്ത്രി എ.കെ ബാലന്റെ പ്രതികരണം. പ്രതിപക്ഷ പാര്‍ട്ടികളും മണിക്കെതിരെ രൂക്ഷമായി പ്രതിഷേധവുമായി രംഗത്തെത്തി. മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ ശക്തമായ പ്രതിഷേധം അറിയിക്കുമെന്ന് എം.കെ മൂനീര്‍ എം.എല്‍.എയും പറഞ്ഞു. 

മൂന്നാര്‍ ഒഴിപ്പിക്കലിനെത്തിയ സുരേഷ്‌കുമാര്‍ അവിടെ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മദ്യപാനമായിരുന്നു പരിപാടിയെന്നും അക്കാലത്ത് കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്. പൊമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നതെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.