തൊടുപുഴ: കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് നേരത്തെ ഇറക്കിയ വിജ്ഞാപനത്തില്‍ തെറ്റുണ്ടെന്ന് മന്ത്രി എംഎം മണി. വേണ്ടത്ര പരിശോധനകള്‍ നടത്തിയല്ല വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. അതില്‍ പിഴവ് പറ്റിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. 

ജോയ്‌സ് ജോര്‍ജിന്റെ ഭൂമി കുറിഞ്ഞി ഉദ്യാനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് എനിക്ക് തനിക്കറിയില്ല. മന്ത്രിതല സംഘം കുറിഞ്ഞി ഉദ്യാനത്തിലെത്തി പരിശോധന നടത്തുമെന്നും മന്ത്രി എംഎം മണി പറഞ്ഞു. 

മൂന്നാറില്‍ ഭൂപ്രശ്‌നം തീര്‍ക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഇനി തുടങ്ങും. പട്ടയമുള്ളവരെ ഒഴിവാക്കിയാവും കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍മൂല്യ നിര്‍ണണയമെന്നും മന്ത്രി വ്യക്തമാക്കി. 

3200 ഹെക്ടറിലായിരുന്നു 11 വര്‍ഷം മുമ്പ് ഇടുക്കിയില്‍ കുറിഞ്ഞി ദേശീയോദ്യാനം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പ്രഖ്യാപനമല്ലാതെ മറ്റ് നടപടികളൊന്നുമുണ്ടാവാത്തതോടെ ഭൂമിയില്‍ വ്യാജപട്ടയവും മറ്റും ഉപയോഗിച്ചുള്ള കൈയേറ്റം വര്‍ധിക്കുകയായിരുന്നു.

അതിനിടെ കുറിഞ്ഞി ഉദ്യാനത്തില്‍ 300 ഏക്കറോളം വരുന്ന ഭൂമിയില്‍ തീയിട്ടതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ജോയ്‌സ്  ജോര്‍ജിന്റെ ഭൂമി ഉള്‍പ്പെടുന്ന ദേവികുളം താലൂക്കിലെ ബ്ലോക്ക് 58ലാണ് തീയിട്ടത്. ഭൂമി കുറിഞ്ഞി ഉദ്യാനത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമല്ലെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണെന്നായിരുന്നു ഇതിനെതിരെ ഉയര്‍ന്ന ആരോപണം. 

കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കേന്ദ്രവന്യജീവി നിയമത്തിന്റെ ലംഘനമാണെന്ന് തെളിഞ്ഞിട്ടുണ്ട്.