എം.എം.മണി
തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ഇപ്പോള്‍ സുരക്ഷിത സ്ഥലമായി കണ്ടെത്തിയിരിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലാണെന്ന വാര്‍ത്ത വന്നിട്ടുണ്ടെന്നും അതേതായാലും ഗംഭീരമായെന്നും എം.എം.മണി. അവിടം സന്ദര്‍ശിക്കേണ്ടബാധ്യത ഏതായാലുമുണ്ടെന്നും മണി പരിഹസിച്ചു. എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രതിപക്ഷത്തിന്റെ പ്രമേയം കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ സഹായിക്കും. അന്വേഷിച്ച് മാത്രമേ കുറ്റവാളിയെ കണ്ടെത്തുകയുള്ളൂ എന്നതാണ് ഞങ്ങളുടെ മാന്യത. കോണ്‍ഗ്രസ് നിയമം കൈകാര്യം ചെയ്യുന്ന രീതിയിലായിരുന്നെങ്കില്‍ അന്വേഷിക്കാതെ കോണ്‍ഗ്രസുകാരെ പിടിച്ച് ജയിലിലാക്കാമായിരുന്നു. എന്ന് പറഞ്ഞത് കൊണ്ട് നിങ്ങളല്ല പ്രതി എന്നര്‍ത്ഥമില്ല. നിങ്ങളെ ഞങ്ങള്‍ക്ക് സംശയമുണ്ട്. നിങ്ങളുടെ കെപിസിസി പ്രസിഡന്റ് മുമ്പ് പറഞ്ഞിട്ടുണ്ട് എകെജി സെന്ററിന് നേരെ ആക്രമണം നടത്തുമെന്ന്. അടിയന്തര പ്രമേയം അവതരിപ്പിച്ചതോടെ കൂടുതല്‍ സംശയമായി. നീരജിനെ കൊന്നിട്ട് ഇരന്നു വാങ്ങിയെന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞത്. സുധാകരന്‍ കോണ്‍ഗ്രസിന്റെ തലപ്പത്ത് വന്നശേഷം കേരളത്തില്‍ മുഴുവന്‍ സംഘര്‍ഷമുണ്ടാക്കുകയാണ്. സമാന്യമര്യാദ പാലിക്കുന്നില്ല. കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷവും അദ്ദേഹത്തിന്റെ ചിന്താഗതികള്‍ക്കെതിരാണ്' എം.എം.മണി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചവര്‍ക്കെതിരെ തങ്ങള്‍ നടപടിയെടുത്തു. അതാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വപ്‌ന സുരേഷ് എന്ന് പറയുന്ന വിവാദ നായികയേയും കൊണ്ട് ഈ പ്രശ്‌നമെല്ലാം ഉണ്ടാക്കുന്നത് നീതിബോധമുള്ളവര്‍ക്ക് പറ്റുമോ. മുഖ്യമന്ത്രിയെ വിമാനത്തില്‍ വെച്ച് അക്രമിക്കാന്‍ ശ്രമിച്ചിട്ട് ഒരു ഖേദപ്രകടനവും നടത്താന്‍ തയ്യാറായില്ലെന്നും മണി പറഞ്ഞു.
'നിങ്ങള്‍ ഭരിക്കുമ്പോള്‍ എന്റെ പേരില്‍ കേസെടുത്തു. 46 ദിവസം ജയിലില്‍ കിടത്തി. എന്തിന്റെ പേരിലായിരുന്നു. ഒടുവില്‍ നിയമവിരുദ്ധമാണ് കേസെന്ന് പറഞ്ഞ് ഹൈക്കോടതി ഇറക്കി വിട്ടു. ശ്രീകൃഷ്ണന്റെ നിറമുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്റെ സുഹൃത്താണ്. ശ്രീകൃഷ്ണന്റെ കൈയിലിരിപ്പാണ് പുള്ളിയുടേതും. പുള്ളിയായിരുന്നു അന്ന് ആഭ്യന്തര മന്ത്രി. ഇവിടെ ഒരു ശല്യമുണ്ടായിരുന്നു, അതിനെ ഞങ്ങള്‍ ഒഴിവാക്കിയെന്ന് തൊടുപുഴയില്‍ വന്ന് പ്രസംഗിച്ചു അദ്ദേഹം. അതുകൊണ്ട് നിയമസംവിധാനത്തെ പറ്റിയും നീതി പൂര്‍വ്വമുള്ള അന്വേഷണത്തെ പറ്റിയും ഞങ്ങളോട് പറയേണ്ട. വെളുപ്പാന്‍ കാലത്ത് നാലു മണിക്കാണ് എന്റെ വീട് വളഞ്ഞ് പിടിച്ചുകൊണ്ട് പോയത്. അതൊന്നും ഞാന്‍ മറക്കില്ല' മണി പറഞ്ഞു.
വീട്ടിലിരിക്കുന്ന സ്ത്രീകളെ വലിച്ചിഴക്കുന്നത് ശരിയല്ലെന്ന് മാത്യു കുഴല്‍നാടന്‍ മനസ്സിലാക്കണം. നിങ്ങളുടെ വീട്ടിലും സ്ത്രീകളുണ്ട്. അവരെ വലിച്ചിഴച്ചാല്‍ എന്താകും കേരളത്തിലെ സ്ഥിതി. അതൊന്നും ശരിയല്ല.സെമി കേഡര്‍ എന്നാണ് സുധാകരന്‍ പറയുന്നത്. ഒരു സെമിയും അദ്ദേഹത്തിനറിയില്ല. ഇ.പി.ജയരാജനാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് സുധാകരന്‍ പറഞ്ഞിരിക്കുന്നത്. ഇ.പിയെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചതില്‍ സുധാകരന് പങ്കുണ്ട്. നിങ്ങളുടെ ഏതെങ്കിലും ഓഫീസ് അക്രമിച്ചാല്‍ ഞങ്ങള്‍ അതിനെ തള്ളിപറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: mm mani-kerala assembly-adjournment-resolution-attack against akg center
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..