
എം.എം മണി | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: നയപ്രഖ്യാപനത്തില്‍ ഒപ്പിടാന്‍ ആദ്യം വിസമ്മതിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രി എം.എം മണി. ഗവര്‍ണ്ണറുടെ കുടുംബത്തില്‍ നിന്ന് കൊണ്ടുവന്നല്ല മന്ത്രിമാരുടെ പെഴ്സണല്‍ സ്റ്റാഫിന് ശമ്പളം കൊടുക്കുന്നതെന്നായിരുന്നു എ.എം. മണിയുടെ പ്രതികരണം.
ഗവര്‍ണര്‍ സര്‍ക്കാരിന് മാത്രമല്ല നാടിനാകെ തലവേദനയാണ്. മന്ത്രിമാരുടെ ഓഫീസില്‍ രാഷ്ട്രീയക്കാരല്ലാതെ പിന്നെ ആരാണ് ഇരിക്കേണ്ടത്. അഞ്ചുതവണ കൂട് മാറി ബിജെപിയിലെത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാന്. അങ്ങനെയാണ് അദ്ദേഹം ഗവര്‍ണറായിരിക്കുന്നത്. ഗവര്‍ണര്‍ വിഡ്ഢിത്തം പറഞ്ഞുകൊണ്ടിരിക്കുകയാണ്.
ഗവര്‍ണരുടെ കാലാവധി കഴിയുമ്പോള്‍ പുതിയ സ്ഥാനം കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള കളിയാണ് ഇപ്പോഴത്തേത്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കുള്ള പെന്ഷന് പുള്ളിയുടെ കുടുംബത്തില്‍ നിന്നല്ലല്ലോ, സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നല്ലേ കൊടുക്കുന്നത്. ഗവര്‍ണര്‍ പദവിയിലിരുന്നുകൊണ്ട് അദ്ദേഹം നാലാം തരത്തിലെ അഞ്ചാം തരം രാഷ്ട്രീയക്കളി കളിക്കുകയാണെന്നും എം.എം മണി പറഞ്ഞു.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളില്‍ രാഷ്ട്രീയമായി നിയമിക്കുന്നവരുടെ പെന്ഷന് ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് എന്തിനാണെന്നായിരുന്നു ഗവര്‍ണര്‍ സര്‍ക്കാരിനോട് ചോദിച്ച ചോദ്യം.
പെന്ഷന് ഉറപ്പാക്കാനായി സ്റ്റാഫ് അംഗങ്ങള്‍ രണ്ടുവര്‍ഷം കഴിഞ്ഞ് രാജിവെക്കുകയും പുതിയവരെ നിയമിക്കുകയും ചെയ്യുന്നത് നല്ലരീതിയല്ലെന്നും സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി കേഡര്‍മാരെ വളര്‍ത്തുന്നതിനോട് യോജിക്കാനാവില്ലെന്നും മാതൃഭൂമി ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ഗവര്‍ണര്‍ പറഞ്ഞിരുന്നു.
പേഴ്സണല്‍ സ്റ്റാഫുകളെ ഇഷ്ടംപോലെ നിയമിച്ച്, അവര്‍ക്ക് ശമ്പളവും പെന്‍ഷനും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഒരു നാണവുമില്ലാത്ത ഏര്‍പ്പാടാണത്. ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്. കര്‍ത്തയെ ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചത് തന്റെ തീരുമാനമാണ്. സര്‍ക്കാരിന് അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
Content Highlights: MM Mani against governor Arif Mohammad Khan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..