എം.എം.ഹസൻ ഉമ്മൻചാണ്ടിക്കൊപ്പം (File) |Photo:E.V.Ragesh
തിരുവനന്തപുരം: ബെന്നി ബെഹനാന് സ്ഥാനം ഒഴിഞ്ഞതോടെ പകരം എം.എം ഹസ്സന് യുഡിഎഫ് കണ്‍വീനറായേക്കും. മുന്‍ ധാരണ പ്രകാരമാണ് ബെന്നി ബെഹനാന് മുന്നണി കണ്‍വീനര്‍ സ്ഥാനം രാജിവെച്ചതെന്നാണ് സൂചന.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ എം.പിയായി ജയിച്ചതോടെ ബെന്നി ബെഹനാനെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ധാരണയുണ്ടായിരുന്നു. മുല്ലപ്പള്ളിയുടെ വരവോടെ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ഹസനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു എ ഗ്രൂപ്പിന്റെ തീരുമാനം. ഇക്കാര്യം നിര്‍ദേശിച്ചുകൊണ്ട് കെപിസിസി ഹൈക്കമാന്‍ഡിന് കത്തയക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഹൈക്കമാന്‍ഡ് നിയമിച്ചതിനാല്‍ അവിടെ നിന്ന് നിര്‍ദേശം വരാത്തതിനാല്‍ ബെന്നി ബെഹനാന് സ്ഥാനം ഒഴിഞ്ഞില്ല. ഇതോടെ സ്ഥാനമൊഴിയുന്നത് നീണ്ടുപോയി. എ ഗ്രൂപ്പില്‍ തന്നെ ഈ വിഷയത്തില്‍ തര്‍ക്കം രൂക്ഷമായതായും ഉമ്മന്‍ ചാണ്ടി രാജിവെക്കാന്‍ ആവശ്യപ്പെട്ടുവെന്നും അതോടെയാണ് തിടുക്കത്തില്‍ അദ്ദേഹം രാജിപ്രഖ്യാപിച്ചതും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിനിടെ ഉമ്മന്‍ചാണ്ടിയുമായി താന്‍ അകല്ച്ചയിലായെന്ന വാര്‍ത്തയും തന്നെ അസ്വസ്ഥനാക്കിയെന്ന് രാജി തീരുമാനം അറിയിച്ച വാര്‍ത്താ സ്മ്മേളനത്തില് ബെന്നി ബെഹനാന് പറഞ്ഞു. പുകമറ മാറ്റാനാണ് രാജി. ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടില്ല രാജിയെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം നാടകീയമായി ബെന്നി ബെഹനാന് രാജി പ്രഖ്യാപിച്ചത് മുണണിക്കുള്ളില് അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാരിനെതിരെ സമരവും പ്രതിഷേധങ്ങളും ശക്തമായി നടന്നുകൊണ്ടിരിക്കെ മുന്നണി കണ്‍വീനറുടെ രാജി ഭരണപക്ഷത്തിന് ആയുധമായെന്ന് നേതാക്കള്‍ വിലയിരുത്തുന്നു. യുഡിഎഫ് കണ്‍വീനറുടെ രാജിയെ പരിഹസിച്ചുകൊണ്ട് ഇതിനോടകം തന്നെ സിപിഎം നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..