തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് സി.എ.ജിയെ ഭീഷണിപ്പെടുത്തുകയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. സി.എ.ജിയെ വിമര്‍ശിക്കുന്ന ധനമന്ത്രി ഉപയോഗിക്കുന്നത് മോശം ഭാഷയാണെന്നും എം.എം ഹസന്‍ കുറ്റപ്പെടുത്തി. 

സംസ്ഥാന സര്‍ക്കാരിന്റെ മുഖമുദ്ര അഴിമതിയാണ്. എവിടെയെല്ലാം വികസന പ്രവര്‍ത്തനം നടന്നോ അവിടെയൊക്കെ അഴിമതി നടന്നു. പോലീസ് നിയമ ഭേദഗതി കൊണ്ടുവന്നത് ദുരുദ്ദേശപരമാണ്. പ്രതിപക്ഷ നേതാവിനെതിരേയുള്ള സി.പി.എമ്മിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പ്രതികാരം ചെയ്യുന്ന ഇടതുനീക്കത്തെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. 

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ട അധികാരങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കവര്‍ന്നെടുത്തു. യു.ഡി.എഫ് വന്നാല്‍ പഴയ അധികാരങ്ങളും വെട്ടിക്കുറച്ച ഫണ്ടുകളും തിരികെ നല്‍കും. ലൈഫ് മിഷനില്‍ സ്വന്തം ആളുകളെ കുത്തി നിറയ്ക്കാനും പണം തട്ടാനും സി.പി.എം ശ്രമിച്ചു. ഇതിന്റെ ഉദാഹരണമാണ് വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പ്. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മിഷനുകളെല്ലാം പിരിച്ചുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ദുര്‍ഭരണത്തിനും ഫാസിസത്തിനുമെതിരായി താഴേത്തട്ടില്‍ എല്ലാ സംഘടനകളുമായും സഹകരിക്കാന്‍ ജില്ലാ ഘടകങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മുന്നണിയോ സഖ്യമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ പലയിടത്തും സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാകാത്ത സാഹചര്യമുണ്ട്. ഡിസംബര്‍ രണ്ടിന് സര്‍ക്കാരിനെതിരേ പഞ്ചായത്തുകളില്‍ കുറ്റവിചാരണ സദസ് സംഘടിപ്പിക്കുമെന്നും ഹസന്‍ വ്യക്തമാക്കി.

content highlights: MM Hassan statement against state government