തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിനെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ തല്‍സ്ഥാനത്ത് നിന്ന്‌ നീക്കുന്നതിനെ എ.കെ. ആന്റണി ശക്തമായി എതിര്‍ത്തിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്റെ വെളിപ്പെടുത്തല്‍. കോഴിക്കോട് നടന്ന കെ.കരുണാകരന്‍ അനുസ്മരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 

അന്ന് കരുണാകരന് കാലാവധി തികയ്ക്കാന്‍ അവസരം നല്‍കണമായിരുന്നു. കരുണാകരനെതിരേ പ്രവര്‍ത്തിച്ചതില്‍ തനിക്ക് വളരെയധികം വിഷമമുണ്ടെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു. കരുണാകരന് പുറത്തേക്കുള്ള വാതില്‍ തുറന്നത് ആന്റണിയാണെന്നാണ് അന്ന് മാധ്യമങ്ങളില്‍ വന്നത്. എന്നാല്‍, അത് ശരിയായിരുന്നില്ല. 

കരുണാകരനെ പുറത്താക്കരുതെന്ന് അന്ന് ആന്റണി തന്നോടും ഉമ്മന്‍ ചാണ്ടിയോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്ന് ആന്റണിയുടെ ഉപദേശം ചെവിക്കൊള്ളാതിരുന്നതില്‍ ഇപ്പോള്‍ തനിക്ക് കുറ്റബോധമുണ്ടെന്നും കരുണാകരനെ പുറത്താക്കിയാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നു ആന്റണിയുടെ മുന്നറിയിപ്പ് വളരെ ശരിയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 

പി.ടി. ചാക്കോയെ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് കേരളത്തില്‍ കോണ്‍ഗ്രസില്‍ വിഭാഗീയത ഉണ്ടായത്. ലീഡറിനെ കൂടി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുന്നത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകുമെന്നും ആന്റണി പറഞ്ഞതായി ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ രാജിക്ക് താനും കാരണക്കാരനാണ്. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരില്‍ താനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ താന്‍ ലീഡറോട്‌ ചെയ്ത അനീതിയാണിതെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഒരു ആത്മകഥ എഴുതുമ്പോള്‍ ഇത് വെളിപ്പെടുത്താനാണ് താന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ലീഡറിന്റെ അനുസ്മരണ പരിപാടിയില്‍ ഇത് വെളിപ്പെടുത്തണമെന്ന് തോന്നിയതായും അദ്ദേഹം പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസിന്റെ പശ്ചാത്തലത്തില്‍ 1995-ല്‍ കെ. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു. കോണ്‍ഗ്രസ് എ ഗ്രൂപ്പാണ് അന്ന് കരുണാകരന്റെ രാജിക്കായി മുറവിളി കൂട്ടിയിരുന്നത്.