കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ധാരണ സംബന്ധിച്ച് നിലപാട് വ്യക്തമാക്കി യു.ഡി.എഫ് കണ്‍വീനര്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടെന്നും താന്‍ പറയുന്നതാണ് മുന്നണി നയമെന്നും എം.എം ഹസ്സന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു തരത്തിലുള്ള ധാരണയോ നീക്കുപോക്കോ ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട് പ്രസ്‌ക്ലബില്‍ വ്യക്തമാക്കിയത്. ഇത്  തിരുത്തിക്കൊണ്ടാണ്‌ എം.എം ഹസന്‍ രംഗത്തെത്തിയിരിക്കുന്നത്. യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ട്. അത് മുല്ലപ്പള്ളിക്കും അറിയാമെന്നും ഹസ്സന്‍ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍പാര്‍ട്ടി ഇടതുപക്ഷത്തിനൊപ്പമായിരുന്നു അപ്പോള്‍ അവര്‍ മതേതര പാര്‍ട്ടിയായി, മറ്റുള്ളവരോടൊപ്പം ചേരുമ്പോള്‍ എങ്ങനെയാണ് ഇടതുപക്ഷത്തിന് അവര്‍ വര്‍ഗീയ പാര്‍ട്ടിയാവുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫാസിസത്തിനെതിരേ പോരാടാന്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് വെല്‍ഫെയര്‍പാര്‍ട്ടി മുന്നോട്ട് വന്നതെന്നും എം.എം ഹസ്സന്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരെയൊക്കെ സഖ്യകക്ഷിയാക്കണമെന്നും മറ്റും അപ്പോള്‍ തീരുമാനിക്കും. ഇപ്പോള്‍ ലക്ഷ്യം തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.