തിരുവനന്തപുരം:  യുഡിഎഫിലേക്ക് മടങ്ങി വരുമ്പോള്‍ കേരള കോണ്‍ഗ്രസ്സ് രാജ്യസഭാ സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്ന സാഹചര്യത്തലാണ് സീറ്റ് നല്‍കിയതതെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍. മുന്നണി മര്യാദ പ്രകാരം കോണ്‍ഗ്രസ്സിന് രണ്ട് സീറ്റ് വരുമ്പോള്‍ ഒരു സീറ്റ് തരാമെന്ന പറഞ്ഞെങ്കിലും ആ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നുവെന്നും എംഎം ഹസ്സന്‍ അറിയിച്ചു. തിരുവനന്തപുരത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'കേരള കോണ്‍ഗ്രസ്സിന് യുഡിഎഫ് വിടുമ്പോള്‍ ഉണ്ടായ സ്ഥാനങ്ങള്‍ മടങ്ങി വരുമ്പോഴും നല്‍കണമെന്നാണ് അവര്‍ പ്രധാനമായും ആവശ്യപ്പെട്ടത്. ഒരു ലോക്‌സഭാ സീറ്റും ഒരു രാജ്യസഭാ സീറ്റും കഴിഞ്ഞ തിരഞ്ഞടെുപ്പില്‍ മത്സരിച്ച സീറ്റുകളുമാണ് ആവശ്യപ്പെട്ടത്.

ലോക്‌സഭയില്‍ നിലവില്‍ ഒരംഗമുണ്ട്. രാജ്യസഭയില്‍ അവരുടെ പ്രതിനിധി ജോയി എബ്രഹാം റിട്ടയര്‍ ചെയ്യുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ വരുന്ന ഒഴിവ് കേരള കോണ്‍ഗ്രസ്സിന് നല്‍കണം എന്നും അവര്‍ ആവശ്യപ്പെട്ടു'. അതിന്റെ എല്ലാ വശങ്ങളും താനും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് മുകുള്‍ വാസ്‌നിക്കിനെ അറിയിക്കുകയായിരുന്നുവെന്നും ഹസ്സന്‍ പറഞ്ഞു.

'കേരള കോണ്‍ഗ്രസ്സിനെ മടക്കി കൊണ്ടു വരണമെന്നാണ് ഹൈക്കമാന്‍ഡും ആവശ്യപ്പെട്ടത്. രാജ്യസഭയിലേക്കുള്ള സീറ്റ് അടുത്ത ഒഴിവില്‍ നല്‍കാമെന്നുമുള്ള ഉപദേശമാണ് ഹൈക്കമാന്‍ഡില്‍ നിന്ന് ലഭിച്ചത്.സാധാരണ യുഡിഎഫില്‍ രണ്ട് സീറ്റ് ഒഴിവു വരുമ്പോഴാണ് ഘടകക്ഷികള്‍ക്ക് നല്‍കിയത്. അതിനു വിപരീതമായ തീരുമാനമാണ് കഴിഞ്ഞതവണ എംപി വീരേന്ദ്രകുമാറിന് വേണ്ടി കൈക്കൊണ്ടത്. യുഡിഎഫില്‍ നിന്ന് വിട്ടു പോകുമെന്ന പ്രചാരണത്തിന്റെ മധ്യത്തിലാണ് വീരേന്ദ്ര കുമാറിന് രാജ്യസഭാ സീറ്റ് കൊടുക്കാന്‍ തീരുമാനിച്ചത്. പാലക്കാട് പരാജയപ്പെട്ടാല്‍ വീരന്ദ്രകുമാറിന് സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി രാജ്യസഭാ സീറ്റ് നല്‍കുമ്പോഴാണ് അന്ന് കെപിസിസി പ്രസിഡന്റ്  പറഞ്ഞത്. അന്ന് വീരേന്ദ്രകുമാര്‍ മുന്നണി വിട്ടു പോകാതിരിക്കാനാണ് സീറ്റ് നല്‍കിയതെങ്കില്‍ ഇന്ന് മുന്നണി വിപുലപ്പെടുത്താനാണ് ഇത്തരമൊരു തീരുമാനത്തിന് നിര്‍ബന്ധിതരായത്.'

കേരളാ കോൺഗ്രസിന് സീറ്റ് നല്‍കിയതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ ജനതാദളിന് രാജ്യ സഭാ സീറ്റ് നല്‍കിയ സംഭവം ഓർമിപ്പിച്ചു കൊണ്ട് ഹസ്സന്‍ പറഞ്ഞു.

'ഈ തീരുമാനത്തില്‍ വളരെ പ്രയാസവും ദുഃഖവും നേതൃത്വത്തിനുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയൊരു വീഴ്ച ഉണ്ടാവുന്നത് തടയാനാണ് ഈ വിട്ടുവീഴ്ചയ്ക്ക് പ്രേരിപ്പിച്ചത്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രകടിപ്പിക്കുന്ന വികാരം മനസ്സിലാക്കുന്നു.ആ വിഷമം നേതാക്കള്‍ക്കുമുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും ഉത്തമ താത്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനം.

യുഡിഎഫിന്റെ നിലനില്‍പിനും ഭാവിക്കും വേണ്ടി ഒരുപാട് നഷ്ടം സഹിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടി. ഭൂരിപക്ഷം അംഗങ്ങളുണ്ടായപ്പോള്‍ മുഖ്യമന്ത്രിസ്ഥാനം സിപിഐയ്ക്ക് നല്‍കിയ പാരമ്പര്യമാണ് കോണ്‍ഗ്രസ്സിനുള്ളത്. ആ അര്‍ഥത്തില്‍ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിന് വിട്ടുകൊടുത്തതാണെന്ന് മനസ്സിലാക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവര്‍ത്തകരുടെ പ്രതിഷേധവും വികാരവും കണക്കിലെടുക്കുന്നുണ്ടെന്നും അത് അതിരു കടക്കരുതെന്നും അത് പാര്‍ട്ടിക്ക് അപകടം ചെയ്യുമെന്നും എംഎം ഹസ്സന്‍ മുന്നറിയിപ്പു നല്‍കി.

മുന്നണി മര്യാദപ്രകാരം 2022ല്‍ കേരള കോണ്‍ഗ്രസ്സിനാണ് രാജ്യസഭാ സീറ്റ് നൽകേണ്ടത്. നാലു വര്‍ഷത്തിനു ശേഷം കൊടുക്കേണ്ട സീറ്റ് ആണ് ഇപ്പോള്‍ കൊടുത്തിരിക്കുന്നതെന്നും എംഎം ഹസ്സന്‍ അറിയിച്ചു.

'ഇത് കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയ്ക്കോ മുന്നണിയുടെ തകര്‍ച്ചയ്ക്കോ കാരണമാകുമെന്ന് ഞാന്‍ കരുതുന്നില്ല. അതേസമയം തീരുമാനം സുതാര്യമാണെന്ന് താന്‍ കരുതുന്നില്ലെന്നും എംഎംഹസ്സന്‍ അറിയിച്ചു.

കര്‍ണാടകയില്‍ ജെഡിഎസ്സിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയത് ചൂണ്ടിക്കാണിച്ചും എംഎംഹസ്സന്‍ തങ്ങളുടെ തീരുമാനത്തെ വാർത്താ സമ്മേളനത്തിൽ പ്രതിരോധിച്ചു.