തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ ഇകഴ്ത്തിസംസാരിച്ചെന്ന തരത്തില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കെപിസിസി പ്രസിഡന്റ് എംഎംഹസന്‍.
ചാരക്കേസിനെത്തുടര്‍ന്നുള്ള കെ.കരുണാകരന്റെ രാജി സംബന്ധിച്ച തന്റെ പരാമര്‍ശങ്ങള്‍ ചിലര്‍ വളച്ചൊടിക്കുകയായിരുന്നു. ഇതുസംബന്ധിച്ച പ്രതികരണങ്ങള്‍ അനാവശ്യമാണെന്നും ഹസന്‍ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു.

ആന്റണിയും ഉമ്മന്‍ചാണ്ടിയും തനിക്ക് ഒരുപോലെ കൂറുള്ള നേതാക്കളാണെന്ന് ഹസന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ താന്‍ ഇകഴ്ത്തി സംസാരിച്ചെന്ന രീതിയിലുള്ള തെറ്റായ പ്രചരണങ്ങള്‍ പ്രതികാരമനോഭാവത്തെടെയുള്ളതാണ്. അനുസ്മരണ സമ്മേളനത്തില്‍ കെ.കരുണാകരനെക്കുറിച്ച് തന്റെ മനസ്സില്‍ കുറേക്കാലമായി ഉണ്ടായിരുന്ന ഒരു വികാരം,അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് പങ്കുവയ്ക്കുക മാത്രമാണ് താന്‍ ചെയ്തത്. ചാരക്കേസിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നത് സത്യമാണ്. പക്ഷേ, അതിനെ മറ്റുള്ളവര്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും ഹസന്‍ ആരോപിച്ചു. 

താന്‍ പറഞ്ഞ കാര്യമെന്താണെന്നോ അതിന്റെ ചരിത്രപശ്ചാത്തലമെന്താണെന്നോ അറിയാതെയാണ് പലരും ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയും ആന്റണിയും തനിക്ക് ഒരുപോലെ ബന്ധവും കടപ്പാടും ഉള്ള വ്യക്തികളാണ്. ഉമ്മന്‍ചാണ്ടിയോട് ഈ പ്രസംഗക്കാര്യം താന്‍ സൂചിപ്പിച്ചതാണ്. അദ്ദേഹം യാതൊരു അതൃപ്തിയും പ്രകടിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്ന് ചിലര്‍ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും ഹസന്‍ ആരോപിച്ചു.