തോമസ് ചാണ്ടി വിടവാങ്ങുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ വിവാദങ്ങളുടെ ഒരു കാലഘട്ടം കൂടിയാണ് അവസാനിക്കുന്നത്. കാരണം എന്നും വിവാദങ്ങളുടെ തോഴനായിരുന്നു തോമസ് ചാണ്ടി. എന്തും വെട്ടിത്തുറന്നു പറയുന്ന തോമസ് ചാണ്ടിയുടെ ശൈലി മാധ്യമ തലക്കെട്ടുകളില്‍ അദ്ദേഹത്തിനെന്നും ഇടം നേടികൊടുത്തു. ഒപ്പം മുന്നണിയ്ക്കും പാര്‍ട്ടിക്കും തലവേദനയും. പക്ഷേ ഇതു കൊണ്ടൊന്നും തോമസ് ചാണ്ടി കുലുങ്ങിയില്ല. തിരഞ്ഞെടുപ്പിന് മുമ്പെ സ്വയം മന്ത്രിയായി പ്രഖ്യാപിച്ചും കായല്‍ കയ്യേറ്റങ്ങളും നടപടികളും ഇടയ്ക്കിടെ വലതില്‍ നിന്ന് ഇടതിലോട്ട് ചാടിയും തോമസ് ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം എന്നും സംഭവ ബഹുലമായിരുന്നു. അപ്രതീക്ഷതമായിരുന്നു തോമസ് ചാണ്ടിയുടെ വിയോഗം. രോഗ വിവരം ബന്ധുക്കള്‍ക്കും അടുത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മാത്രമെ അറിയുമായിരുന്നുള്ളു. 

ആലപ്പുഴ ജില്ലയിലെ ചേന്നങ്കരിയില്‍ വി.സി തോമസിന്റെയും ഏലിയാമ്മയുടെയും മകനായി 1947 നാണ് തോമസ് ചാണ്ടിയുടെ ജനനം. ചേന്നങ്കരി ദേവമാത, കൈനകരി സെന്റ് മേരീസ്, ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് എന്നിവിടങ്ങലില്‍ പ്രഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം മദ്രാസില്‍നിന്നു ടെലികമ്യൂണിക്കേഷനില്‍ ഡിപ്ലോമ നേടി. എന്‍സിപി ദേശീയ നിര്‍വാഹക സമിതിയംഗം, മാര്‍ത്തോമാ സഭാ കൗണ്‍സിലംഗം കുവൈറ്റ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ്,എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006ല്‍ ഡിഐസിയെ പ്രതിനിധീകരിച്ച് യുഡിഎഫില്‍ നിന്നും,2011ല്‍ എന്‍സിപിയുടെ പ്രതിനിധിയായി എല്‍.ഡിഎഫിനുവേണ്ടിയും  കുട്ടനാട്ടില്‍ നിന്നും മത്സരിച്ചു ജയിച്ചു. രണ്ടുതവണയും എതിരാളി കേരളാ കോണ്‍ഗ്രസിലെ ഡോ.കെ.സി ജോസഫായിരുന്നു. 

പ്രവാസികളുടെ സ്വന്തം ചാണ്ടി 

കെ.എസ്.യു വിലൂടെയായിരുന്നു തോമസ് ചാണ്ടിയുടെ രാഷ്ട്രീയ പ്രവേശനം. പിന്നീട് കൈനകരി മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആയിരുന്നു. പിന്നീട് അമ്പലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറിയായി. പിന്നീട് തോമസ് ചാണ്ടി നേരെ കുവൈത്തിലേക്ക് പറന്നു. അവിടെ പ്രഗത്ഭനായ  ബിസിനസുകാരനായി തോമസ് ചാണ്ടി വളര്‍ന്നു. പക്ഷേ അപ്പോഴും തോമസ് ചാണ്ടി രാഷ്ട്രീയം മുറുകെ പിടിച്ചു. കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള പ്രവാസി സംഘടനകളുടെ തലപ്പത്തെ സ്ഥിരം സാന്നിധ്യമായിരുന്നു തോമസ് ചാണ്ടി. കുവൈത്ത് ചാണ്ടിയെന്ന വിളിപ്പേര് സ്വന്തമാക്കിയ ശേഷമാണ് തോമസ് ചാണ്ടി താല്‍ക്കാലികമായി പ്രവാസത്തിനോട് വിടപറയുന്നത്. പക്ഷേ ഇതിനോടകം കുവൈത്തിലും പ്രവാസികള്‍ക്കിടയിലും ബിസിനസിലും തോമസ് ചാണ്ടി തന്റേതായ ഇടം ഉറപ്പിച്ചിരുന്നു. 

കരുണാകരന്റെ കൈപിടിച്ച്.. 

നാട്ടിലെത്തിയ തോമസ് ചാണ്ടി പതുക്കെ പൊതുപ്രവര്‍ത്തനത്തിലേക്ക് കടന്നു കെ. കരുണാകരന്റെ വിശ്വസ്തനായി. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചപ്പോള്‍ തോമസ് ചാണ്ടി കരുണാകരനോടൊപ്പം പോന്നു. 2006 ലെ തിരഞ്ഞെടുപ്പില്‍ ഡിഐസി ടിക്കറ്റില്‍ മത്സരിച്ചു ജയിച്ചു. ഇടതു മുന്നണിയിലെ കെ.സി ജോസഫായിരുന്നു എതിരാളി.  2011ല്‍ തോമസ് ചാണ്ടി എല്‍ഡിഎഫ് പാളയത്തിലെത്തി എന്‍സിപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് സീറ്റും നിലനിര്‍ത്തി. കരുണാകരനോടൊപ്പം ഒരിക്കല്‍ ശരത് പവാറിനെ പരിചയപ്പട്ടതാണ് തോമസ് ചാണ്ടിയുടെ എന്‍സിപി പ്രവേശനത്തിന് നിമിത്തമായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കുട്ടനാട്ടുകാര്‍  തോമസ് ചാണ്ടിയെ നിയമസഭയിലേക്ക് വിട്ടു. രാഷ്ട്രീയത്തിനും ബിസിനസിനും പുറമെ ദാവീദ് പുത്ര ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമാണ് തോമസ് ചാണ്ടി. 

തോമസ് ചാണ്ടിയില്ലാത്ത കുട്ടനാട്

മൂന്ന് തവണയാണ് തോമസ് ചാണ്ടിയെ കുട്ടനാട്ടുകാര്‍ നിയമസഭയിലേക്ക് വിട്ടത്. കുട്ടനാടും തോമസ് ചാണ്ടിയും തമ്മിലുള്ള ആത്മബന്ധം അഭേദ്യമായിരുന്നു. വിവാദങ്ങളൊന്നും കുട്ടനാട്ടുകാരും തോമസ് ചാണ്ടിയും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നതേയില്ല. ഇതുകൊണ്ടുതന്നെ മരണം വരെ അദ്ദേഹം കുട്ടനാടുമായുള്ള ബന്ധം നിലനിര്‍ത്തി. കുട്ടനാടിന്റെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടു. കുട്ടനാടന്‍ കര്‍ഷക കുടുംബത്തില്‍ നിന്ന് ഒരോ വെള്ളപ്പൊക്കത്തിലും പട്ടിണിയാകുന്ന ഒരു ശരാശരി കുട്ടനാട്ടുകാരന്റെ പ്രതിനിധി തന്നെയായിരുന്നു തോമസ് ചാണ്ടി. അതുകൊണ്ടുകൂടിയാണ് വലിയ ബിസിനസുകാരനായപ്പോഴും കുട്ടനാട്ടുകാര്‍ തോമസ് ചാണ്ടിയ്‌ക്കൊപ്പവും തോമസ് ചാണ്ടി കുട്ടനാട്ടുകാര്‍ക്കൊപ്പവും നിന്നത്. 

Content Highlight: MLA Thomas chandy life, politics