കോഴിക്കോട്:കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തും എം.കെ. രാഘവന് എംപിയുമായുള്ള പോര് മുറുകുന്നു. കളക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി എംപി വീണ്ടും രംഗത്തെത്തി. പ്രശാന്ത് അവിവേകിയും അപക്വമതിയും അധാര്മ്മികനുമാണെന്നാണ് എം.കെ. രാഘവന് ഇന്നു പറഞ്ഞത്. ജില്ലാ കളക്ടര്‍ സ്ഥാനത്തിരിക്കാന്‍ പ്രശാന്ത് യോഗ്യനല്ലെന്നും എം.കെ. രാഘവന് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
പ്രശാന്തിനെ കളക്ടറാക്കിയത് കഴിഞ്ഞ സര്‍ക്കാരിന്റെ തെറ്റായ തീരുമാനമായിരുന്നോ എന്ന ചോദ്യത്തിന് അത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോടും ചോദിക്കണമെന്നായിരുന്നു എംപിയുടെ മറുപടി.
കളക്ടറെ പിന്തുണയ്ക്കുന്ന സിപിഎമ്മിന് നിലപാട് തിരുത്തേണ്ടിവരുമെന്നും എം.കെ. രാഘവന് പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന് കാര്യങ്ങള്‍ മനസ്സിലാകാഞ്ഞിട്ടാണെന്നും അദ്ദേഹം കാര്യങ്ങള്‍ മനസ്സിലാക്കുമെന്നാണ് വിശ്വാസമെന്നും എം.കെ. രാഘവന് കൂട്ടിച്ചേര്‍ത്തു.
എംപി ഫണ്ടില്‍ നിന്നുള്ള നിര്‍മ്മാണപ്രവൃത്തികളുടെ ബില്ലുകള്‍ പാസ്സാക്കുന്നത് കളക്ടര്‍ അകാരണമായി വൈകിപ്പിക്കുന്നുവെന്ന് എം.കെ. രാഘവന് പരസ്യമായി പറഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള ശീതസമരം തുറന്ന യുദ്ധത്തിന് വഴിമാറിയത്.
ബില്ലുകള്‍ പാസ്സാക്കാന്‍ വൈകുന്നതിന്റെ പേരില്‍ എം.കെ. രാഘവന് ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന കളക്ടറുടെ ആരോപണത്തോട് രൂക്ഷമായി പ്രതികരിച്ച എംപി അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച കളക്ടര്‍ മാപ്പു പറയണമെന്നും അല്ലാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പറഞ്ഞിരുന്നു.
മാപ്പ് പറയണമെന്ന എംപിയുടെ ആവശ്യത്തിന് കുന്നംകുളം മണ്ഡലത്തിന്റെ മാപ്പ് ഫെയ്സ് ബുക്കില്‍ പ്രസിദ്ധീകരിച്ചാണ് കളക്ടര്‍ മറുപടി നല്‍കിയത്. ഇത് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വലിയ വാര്‍ത്തയാവുകയും ചെയ്തു.
സോഷ്യല്‍ മീഡിയയിലൂടെ കളക്ടര്‍ നടത്തുന്ന ആക്ഷേപത്തിനെതിരെ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് പരാതി നല്‍കുമെന്ന് എം.കെ രാഘവന് വ്യക്തമാക്കിയിരുന്നു. എം.പിയുടെ ഈ പ്രതികരണത്തിന് പിറകെ കളക്ടര്‍ തന്റെ പേഴ്സണല്‍ ഫേസ്ബുക്ക് അക്കൗണ്ടില്‍ 'ബുള്‍സ് ഐ' ചിത്രം പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു. തുടര്‍ന്ന് പരാതിയുമായി എംപി മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും സമീപിച്ചിരുന്നു.