എം.കെ. മുനീർ |ഫോട്ടോ:പി. കൃഷ്ണ പ്രദീപ് മാതൃഭൂമി
കോഴിക്കോട്: അമ്പത് കോവിഡ് കേസുകൾ വന്നപ്പോൾ ആരോഗ്യ പ്രവർത്തകരെ മാലാഖമാർ എന്ന് വിളിച്ച സംസ്ഥാന സർക്കാർ 5000 കേസുകൾ വന്നപ്പോൾ അവരുടെ കീശയിൽ നിന്നും അടിച്ച് മാറ്റാൻ തുടങ്ങിയെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീർ. ആദരിച്ചില്ലെങ്കിലും അവർക്ക് മാന്യമായി ജീവിക്കാനുള്ളത് നൽകണമെന്നും മുനീർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ആരോഗ്യ പ്രവർത്തകരിൽ വർധിച്ചു വരുന്ന കോവിഡ് ബാധയെ കുറിച്ച് സർക്കാർ എന്ത് പഠനമാണ് നടത്തിയിട്ടുള്ളത്? നിലവാരം കുറഞ്ഞ പി.പി.ഇ കിറ്റും എൻ.95 മാസ്‌കുമൊക്കെ കേട്ടുകേൾവിയില്ലാത്ത അന്യായ വില കൊടുത്തുവാങ്ങിയത് നിയമസഭയിൽ ചുണ്ടികാട്ടിയതാണ്. അതിന്മേൽ ഒരന്വേഷണവും പ്രഖ്യാപിക്കാതെ ഗുണനിലവാരത്തിന്റെ മേന്മ പറഞ്ഞു ന്യായീകരിക്കാനാണ് വകുപ്പ് മന്ത്രി ശ്രമിച്ചതെന്നും മുനീർ എഫ്.ബി പോസ്റ്റിൽ പറഞ്ഞു.
സംസ്ഥാനത്തെ ജീവനക്കാരോട് സർക്കാർ ചെയ്യുന്നത് കൊടുംക്രൂരതയാണ്. തിരിച്ചു നൽകും എന്ന് പ്രഖ്യാപിച്ചു ഒരു മാസത്തെ ശമ്പളം ഗഡുക്കളായി തട്ടിയെടുത്തിട്ട് വീണ്ടും ശമ്പളം പിടിച്ചെടുക്കാനുള്ള ഗൂഢ നീക്കവുമായി ധനമന്ത്രി നടത്തുന്ന ശ്രമങ്ങൾ തികച്ചും അനീതിയാണ്.
ജീവനക്കാർക്ക് നാല് ഗഡു ഡി.എ കുടിശ്ശികയാണ് സർക്കാർ നൽകാനുള്ളത്. കഴിഞ്ഞ യു. ഡി. എഫ് സർക്കാർ പ്രഖ്യാപിച്ച മെഡിസെപ് ഇല്ലാതാക്കി, ശമ്പള പരിഷ്കരണം വൈകിയിട്ട് ഒരു വർഷമാവുകയും ചെയ്യുന്നു. എല്ലാ അർഥത്തിലും ജീവനക്കാരും കുടുംബാംഗങ്ങളും വല്ലാത്ത സമ്മർദ്ദത്തിലാണ്. ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാൽ കഴിയുന്നത്ര സംഭാവന നൽകാൻ തയ്യാറായിടത്താണ് സാലറി കട്ടുമായി സർക്കാർ രംഗത്തു വന്നതെന്നും മുനീർ പറഞ്ഞു.
Content Highlights: MK Muneer Against State Government On Salary Deduction Of Government Employees
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..