Image Courtesy: Mathrubhumi news screengrab
കൊച്ചി: കൊച്ചിയില്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ കല്യാണത്തിന് അതിഥികളെ നക്ഷത്ര ഹോട്ടലുകളിലേക്ക് എത്തിക്കാന്‍ ഷട്ടില്‍ സര്‍വീസ് നടത്തുന്നത് സര്‍ക്കാര്‍ വാഹനങ്ങള്‍. ഐ.ആര്‍. ബറ്റാലിയന്‍ കമാന്‍ഡന്റ് പദം സിങ്ങിന്റെ കല്യാണത്തിനാണ് പോലീസിന്റെയും എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും വാഹനങ്ങള്‍ ദുരുപയോഗം ചെയ്തത്.
സാമ്പത്തികഞെരുക്കത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കു മേല്‍ പുതിയ നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നതിനിടെയാണ് പൊതുപണം ഇത്തരത്തില്‍ പൊടിപൊടിക്കുന്നത്. തിങ്കളാഴ്ചയാണ് പദം സിങ്ങിന്റെ കല്യാണം. കഴിഞ്ഞ രണ്ടുദിവസമായി സര്‍ക്കാരിന്റെ പത്തോളം വാഹനങ്ങളാണ് കല്യാണത്തിന് വേണ്ടി ഓടിക്കൊണ്ടിരുന്നത്.
കഴിഞ്ഞ രണ്ടുദിവസമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിലേക്ക് സര്‍ക്കാര്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞിരുന്നത്. ജീപ്പ് കോമ്പസ് മുതല്‍ കൊറാള വരെയുള്ള സര്‍ക്കാരിന്റെ ആഡംബര വാഹനങ്ങളാണ് മിക്കതും. പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വാഹനങ്ങളുണ്ട്. എല്ലാം ഔദ്യോഗിക ബോര്‍ഡുകള്‍ മറച്ചാണ് ഓടുന്നത്. ബോള്‍ഗാട്ടി പാലസില്‍വെച്ച് നടക്കുന്ന പദം സിങ് ഐ.പി.എസിന്റെ വിവാഹത്തിനെത്തുന്ന അതിഥികളെ ഹോട്ടലിലേക്ക് എത്തിക്കാനാണ് ഈ സര്‍ക്കാര്‍ ധൂര്‍ത്ത്. അതിഥികളെ സ്വീകരിക്കാനും ബാഗ് ചുമക്കാനും വരെ പോലീസുകാരുണ്ട്.
രാവിലെ മുതല്‍ രാത്രി വരെ ഓരോ വിമാനത്തിലുമെത്തുന്ന അതിഥികളുടെ ലിസ്റ്റുമായി പോലീസുകാര്‍ വിമാനത്താവളത്തില്‍ നെട്ടോട്ടത്തിലാണ്. ബീക്കണ്‍ ലൈറ്റുകളിട്ട് രാജകീയമായാണ് അതിഥികളുടെ യാത്ര. ഞായറാഴ്ച രാവിലെ മുതല്‍ രാത്രിവരെ വിവിധ വിമാനങ്ങളിലെത്തിയവരെ ബോള്‍ഗാട്ടിയിലെയും കലൂരിലെയും വിവിധ നക്ഷത്ര ഹോട്ടലുകളിലേക്കാണ് എത്തിച്ചത്. ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൈവശംവെച്ചിരിക്കുന്ന വാഹനങ്ങളാണ് ഐ.പി.എസുകാരന്റെ കല്യാണത്തിന് ട്രിപ്പ് അടിക്കുന്നത്.
ജില്ലയിലെ ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് നല്‍കിയിട്ടുള്ള രണ്ട് വാഹനങ്ങളും കല്യാണ ഓട്ടത്തിന് വിട്ടുനല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ വാഹനങ്ങളുടെ നഗ്നമായ ദുരുപയോഗമാണ് ഉന്നത പോലീസ്-റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ നടക്കുന്നത്.
Content Highlights: misuse of government vehicles for young ips officer wedding at kochi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..