അരിക്കൊമ്പനെ കൊണ്ടുപോകുന്നു
ചിന്നക്കനാല്‍: മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ മിഷന്‍ അരിക്കൊമ്പന്‍ വിജയം. കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റിയ ആനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേതകാനത്തിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. അരിക്കൊമ്പനെ എവിടേക്കാണ് മാറ്റുന്നത് എന്ന വിവരം ആനയെ മയക്കുവെടിവെച്ച് ലോറിയില്‍ കയറ്റിയതിന് പിന്നാലെയാണ് പുറത്തെത്തിയത്. തേക്കടിയില്‍നിന്ന് 15 കിലോമീറ്ററോളം ഉള്ളിലേക്കാണ് മേതകാനം. തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള നിബിഡമായ വനമേഖലയാണിത്. അരിക്കൊമ്പനുമായി ലോറി ചിന്നക്കനാല്‍ മേഖലയില്‍നിന്ന് പുറപ്പെട്ടിട്ടുണ്ട്.
വനംവകുപ്പിന്റെ സീനിയര്‍ വെറ്റിനറി ഓഫീസര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ചത്. അഞ്ച് തവണയാണ് മയക്കുവെടി വെച്ചത്. 35 വയസ്സാണ് അരിക്കൊമ്പന്റെ പ്രായം. ചിന്നക്കനാലില്‍നിന്ന് ഏകദേശം മൂന്നരമണിക്കൂറോളം നീണ്ട യാത്രയാണ് പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കുള്ളത്. അരുണ്‍ സക്കറിയ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സംഘം അരിക്കൊമ്പനെ കൊണ്ടുപോകുന്ന വാഹനത്തെ അനുഗമിക്കുന്നുണ്ട്.
ചിന്നക്കനാല്‍-പവര്‍ഹൗസ്-ദേശീയപാത-പൂപ്പാറ-തേക്കടി മൂന്നാര്‍ സംസ്ഥാനപാതയിലൂടെ നെടുങ്കണ്ടം-കുമളി-വള്ളക്കടവ് റൂട്ടിലൂടെയാണ് അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോകുന്നത്. യാത്രയ്ക്ക് തടസമുണ്ടാകാതിരിക്കുന്നതിന് കുമളി പട്ടണത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പ്രദേശത്തെ അക്രമികാരി ആയിരുന്നെങ്കിലും അരിക്കൊമ്പനെ മയക്കുവെടിവെച്ച് കൊണ്ടുപോകുന്നതില്‍ പ്രദേശവാസികളില്‍ ചിലര്‍ സങ്കടം പ്രകടിപ്പിച്ചിരുന്നു.
ശനിയാഴ്ച രാവിലെ 11.54-നാണ് ആദ്യം മയക്കുവെടി വെച്ചത്. രണ്ടാമത്തെ ഡോസ് 12.43-നുമാണ് നല്‍കിയത്. തുടര്‍ന്ന് മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ഡോസ് രണ്ടുമണിയോടെ നല്‍കി. ഇതോടെയാണ് ആന മയങ്ങിയത്. തുടര്‍ന്ന് ആനയെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിലേക്ക് കയറ്റി. കോന്നി സുരേന്ദ്രന്‍, സൂര്യന്‍, കുഞ്ചു, വിക്രം എന്നീ നാല് കുങ്കിയാനകളാണ് ഓപ്പറേഷന്‍ അരിക്കൊമ്പനില്‍ പങ്കെടുത്തത്. ലോറിയിലേക്ക് കയറ്റുന്നതിനിടെ പ്രദേശത്ത് കനത്തമഴ പെയ്തു. ഇത് ദൗത്യത്തിന് തടസ്സം സൃഷ്ടിക്കുമെന്ന ആശങ്ക ഉയര്‍ന്നെങ്കിലും പ്രശ്‌നമുണ്ടായില്ല. ആനയെ വിജയകരമായി ലോറിയില്‍ കയറ്റി റേഡിയോ കോളര്‍ ഘടിപ്പിച്ചു.
Content Highlights: mission arikomban successfully accomplished likely to be shifted to periyar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..