ധോണി വെള്ളച്ചാട്ടത്തിൽപ്പെട്ട് മരിച്ച അജിലിന്റെ മൃതദേഹം ചൂലനൂരിലെ വീട്ടിലെത്തിച്ചപ്പോൾ കാണാനായി തടിച്ചുകൂടിയ നാട്ടുകാർ, ഇൻസൈറ്റിൽ അജിൽ
പാലക്കാട്: ധോണിയില്‍ വിനോദയാത്രക്കെത്തിയ സംഘത്തിലെ കാണാതായ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. പെരിങ്ങോട്ടുകുറിശ്ശി ചൂലനൂര്‍ മണ്ണാരമ്പറ്റ വീട്ടില്‍ സുരേഷിന്റെ മകന് അജിലാണ് (17) മരിച്ചത്. കോട്ടായി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥിയാണ്.
ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയ അജിലടക്കമുള്ള പത്തുപേരുടെ സംഘം ഗൈഡുകളുടെ കണ്ണുവെട്ടിച്ച് നിരോധിത മേഖലയിലേക്ക് കടക്കുകയായിരുന്നെന്ന് വനപാലകര്‍ പറയുന്നു. വഴുക്കേറിയ പാറയിലൂടെ കയറാന്‍ ശ്രമിച്ചപ്പോള്‍ കാല്‍തെന്നി പാറയിടുക്കില്‍ വീണാണ് അപകടം സംഭവിച്ചത്.
ഞായറാഴ്ച നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്താനായില്ല. പിന്നീട് ഇരുട്ടും വെള്ളത്തിന്റെ ഒഴുക്കും വന്യമൃഗശല്യവും കാരണം അന്വേഷണം നിര്‍ത്തിവെച്ചു. തിങ്കളാഴ്ച രാവിലെ പാലക്കാട് അഗ്നിരക്ഷാസേനയും ജില്ലാ സിവില്‍ ഡിഫന്‍സ് അംഗങ്ങളും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഞെട്ടല്‍ മാറാതെ ചൂലനൂര്‍; അജിലിന് നാടിന്റെ യാത്രാമൊഴി
ഒരുരാത്രിമുഴുവന്‍ ചൂലനൂര്‍ ഗ്രാമം, അവന് തിരിച്ചുവരാനുള്ള പ്രാര്‍ഥനയിലായിരുന്നു. എന്നാല്‍, തിങ്കളാഴ്ച നാട്ടുകാര്‍ ഉണരുന്നത് അജിലിന്റെ മരണവാര്‍ത്ത കേട്ടായിരുന്നു. അച്ഛന് സുരേഷായിരുന്നു എന്നും അജിലിന്റെ മാതൃക.
നാട്ടില്‍ എന്തൊരു പ്രശ്നങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഓടിയെത്താറുള്ള ആളാണ് സുരേഷ്. അച്ഛന്റ കൂടെക്കൂടിയാണ് അജിലും നാട്ടിലെ പരിചിതമുഖമാകുന്നത്. ഏതൊരു ആവശ്യത്തിനും വിളിച്ചാല്‍ ഓടിയെത്തുന്ന അജിലിനെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാന്‍ നല്ലതേ ഉണ്ടായിരുന്നുള്ളൂ.
കൂട്ടുകാര്‍ക്കിടയിലും പ്രിയങ്കരനായിരുന്നു അജില്‍. നല്ല മാര്‍ക്കുവാങ്ങി നല്ല കോളേജില്‍ സീറ്റ് നേടണമെന്ന് ഇടയ്ക്ക് പറയാറുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ അജിലിന്റെ മൃതദേഹം ചൂലനൂരിലെ വീട്ടിലെത്തിച്ചു. സുഹൃത്തുക്കള്‍, അധ്യാപകര്‍, നാട്ടുകാര്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ അവസാനമായി അജിലിനെ ഒരുനോക്ക് കാണാനെത്തി. മൃതദേഹം വൈകീട്ടോടെ ഐവര്‍മഠം ശ്മശാനത്തില്‍ സംസ്കരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..