ബെംഗളൂരു: പത്തനംതിട്ടയില്‍ നിന്നു കാണാതായ ജസ്‌ന ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയതിനു പ്രാഥമിക അന്വേഷണത്തില്‍ തെളിവൊന്നും ലഭിച്ചില്ല. കെംപെഗൗഡ വിമാനത്താവളത്തിന്റെ അഭ്യന്തര സര്‍വീസ് വിഭാഗത്തിലെത്തിയ അന്വേഷണസംഘം ജൂണ്‍ അഞ്ചിലെ യാത്രക്കാരുടെ വിവരങ്ങളും റെക്കോര്‍ഡ് ചെയ്‌യപ്പെട്ട ദൃശ്യങ്ങളും പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് എസ്‌ഐ ദിനേശ് പറഞ്ഞു. 

പത്തനംതിട്ടയില്‍ നിന്നെത്തിയ അന്വേഷണസംഘം ബെംഗളൂരു വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ജസ്‌നയെ കണ്ടു എന്നു പറയപ്പെടുന്ന ജൂണ്‍ അഞ്ചിലെ യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ചത്. കഴിഞ്ഞ മാസം ജൂണ്‍ അഞ്ചിന് ജസ്‌നയോടു രൂപസാദൃശ്യമുള്ള പെണ്‍കുട്ടി ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് സഞ്ചരിച്ചതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം വ്യാഴാഴ്ച്ച രാവിലെ ബെംഗളൂരുവിലെത്തിയത്.  സംഘം രണ്ടുദിവസം കൂടി ബെംഗളൂരുവില്‍ തങ്ങും. 

കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിരണ്ടിനായിരുന്നു ജസ്‌നയെ മുണ്ടക്കയത്തേക്കുള്ള യാത്രാമധ്യേ കാണാതായത്. തുടര്‍ന്ന് ഒരുലക്ഷത്തോളം ഫോണ്‍കോളുകള്‍ പരിശോധിക്കുകയും പൊതുജനങ്ങള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ ഇടങ്ങളില്‍ പരിശോധനനടത്തുകയും ചെയ്തിരുന്നു. ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് ഇതുവരെ യാതൊരു തുമ്പും ലഭിക്കാത്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ബന്ധുക്കള്‍. 

Content highlights: Missing Kerala student Jesna spotted bengaluru