Representational Image
പാലക്കാട്: പതിന്നാലുവർഷം മുമ്പ് കാണാതായ കുട്ടിയെ പോലീസ് കണ്ടെത്തി. 2008-ൽ ഇടക്കുറിശ്ശി തിരുകുടുംബാശ്രമത്തിൽനിന്ന് കാണാതായ ലിംനേഷിനെ (26) ആണ് കോഴിക്കോട് ജില്ലയിലെ പെരിങ്ങളത്തുനിന്ന് കണ്ടെത്തിയത്. മണ്ണാർക്കാട് തച്ചമ്പാറ സ്വദേശിയായ ലിംനേഷ് 2008-ൽ അമ്മയുടെ ചികിത്സാവശ്യത്തിനായി പാലക്കാട്ടെത്തി. അന്ന് ലിംനേഷിന് 12 വയസ്സായിരുന്നു. അമ്മയ്ക്ക് അസുഖം കൂടിയതിനാൽ ലിംനേഷിനെ ഇടക്കുറിശ്ശി തിരുകുടുംബാശ്രമം അനാഥാലയത്തിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് കാണാതാവുകയായിരുന്നു.
പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സ്ക്വാഡാണ് ലിംനേഷിനെ കണ്ടെത്തിയത്. ബന്ധുക്കൾ, പരിചയക്കാർ എന്നിവരിൽനിന്ന് വിവരം തിരക്കിയും വിവിധ പോലീസ് സ്റ്റേഷനുകളിൽ നടത്തിയ നിരന്തര അന്വേഷണങ്ങളുടെയും ഫലമായാണ് ലിംനേഷ് താമസിച്ചിരുന്ന സ്ഥലം കണ്ടെത്താനായതെന്ന് പോലീസ് പറഞ്ഞു.
2008-ൽ പാലക്കാട്ടുനിന്ന് കെ.എസ്.ആർ.ടി.സി. ബസിൽ കോഴിക്കോട്ടെത്തിയ ലിംനേഷിനെ കോഴിക്കോട് പോലീസ് പെരിങ്ങളത്തെ അഭയകേന്ദ്രത്തിലെത്തിച്ചു. അവിടെ താമസിച്ച് പഠനം പൂർത്തിയാക്കിയ ലിംനേഷ് ഫുട്ബോൾ കളിയിൽ സജീവമായി. സമീപകാലത്ത് പോലീസ് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് ലിംനേഷ് നൽകിയ അപേക്ഷയുടെ വിശദാംശങ്ങൾ തേടി കോഴിക്കോട്ടുനിന്ന് പോലീസ് പാലക്കാട്ട് അന്വേഷണം നടത്തിയിരുന്നു.
തുടർന്നാണ് പാലക്കാട്ടെ ജില്ലാ ക്രൈംബ്രാഞ്ചിലെ പ്രത്യേക സ്ക്വാഡ് നോഡൽ ഓഫീസർ ഡിവൈ.എസ്.പി. പി. ശശികുമാർ, എ.എസ്.ഐ. പ്രവീൺകുമാർ, സി.പി.ഒ. സുനിൽകുമാർ, പ്രജീഷ് എന്നിവർ അന്വേഷണം നടത്തി ലിംനേഷിനെ കണ്ടെത്തുന്നത്. യുവാവിനെ പട്ടാമ്പി ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കി.
Content Highlights: missing- found 14 years later
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..