കുഞ്ഞിനെ തിരികെ ആശുപത്രിയിലെത്തിക്കുന്ന പോലീസ്, കുഞ്ഞിനെ തിരികെ കിട്ടിയ അമ്മയുടെ സന്തോഷം | photo: mathrubhumi news.screen grab
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയി. സംഭവം പുറത്തറിഞ്ഞ് ഒരുമണിക്കൂറിനകം കുഞ്ഞിനെ ആശുപത്രിക്ക് മുന്നിലുള്ള ഹോട്ടലിന് സമീപത്തുനിന്ന് കണ്ടെത്തുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് മൂന്ന് ദിവസം പ്രായമുള്ള കുട്ടിയെ കടത്തിക്കൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനം.
സംഭവം പുറത്തറിഞ്ഞതോടെ പോലീസ് ആശുപത്രി പരിസരത്തും മറ്റും അന്വേഷണം വ്യാപകമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ആശുപത്രിക്ക് സമീപത്തുള്ള ഹോട്ടലിന് മുന്നില്‍നിന്ന് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ പോലീസ് കുട്ടിയെ തിരികെ ആശുപത്രിയിലേക്ക് എത്തിച്ച് അമ്മയ്ക്ക് കൈമാറുകയും ചെയ്തു.
വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് കുഞ്ഞിനെ ചോദിച്ചുകൊണ്ട് ഗൈനക്കോളജി വാര്‍ഡില്‍ നഴ്‌സിന്റെ വസ്ത്രം ധരിച്ച് ഒരു സ്ത്രീ എത്തിയത്. കുട്ടിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും ഡോക്ടര്‍ പരിശോധിക്കണമെന്നും അറിയിച്ചാണ് കുട്ടിയുടെ അമ്മയില്‍ നിന്നും ഇവര്‍ കുഞ്ഞിനെ വാങ്ങിയത്. തുടര്‍ന്ന് ഈ സ്ത്രീ കുഞ്ഞിനേയും എടുത്ത് ആശുപത്രിക്ക് പുറത്തേക്ക് പോവുകയായിരുന്നു.
ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെയാണ് കുട്ടിയുടെ അമ്മ നഴ്‌സിങ് സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ നഴ്‌സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും ബഹളം വയ്ക്കുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
ഇളം റോസ് നിറത്തിലുള്ള ചുരിദാര്‍ ധരിച്ച സ്ത്രീ കുട്ടിയേയും എടുത്ത് ആശുപത്രിക്ക് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഈ സ്ത്രീം ഇതിനുമുമ്പും വേഷംമാറി ആശുപത്രി പരിസരത്ത് വന്നിട്ടുണ്ടെന്ന് ആശുപത്രി അധികൃതരും സമീപമുള്ള ദൃക്‌സാക്ഷികളും പറഞ്ഞു. അതേസമയം ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
content highlights: Missing Newborn Baby from Kottayam Medical College found within one hour by Police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..