Galexy Busകൊയിലാണ്ടി: ഡിവൈ.എസ്.പി.യോട് അപമര്യാദയായി പെരുമാറിയ ഡ്രൈവറേയും കണ്ടക്ടറേയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കിയത് കണ്ണൂര്‍ - കോഴിക്കാട് റൂട്ടില്‍ യാത്രക്കാരെ വലച്ചു. മുന്നറിയിപ്പില്ലാതെയും തൊഴിലാളി യൂണിയനുകളുടെ അനുമതിയില്ലാതെയുമായിരുന്നു വ്യാഴാഴ്ചത്തെ പണിമുടക്ക്. രാവിലെ ഓടിയ ദീര്‍ഘദൂര ബസുകള്‍ മറ്റു തൊഴിലാളികള്‍ ഇടപെട്ട് തടയുകയും ചെയ്തു. 

ബസ് തടഞ്ഞു നിര്‍ത്തിയയുടനെ ഡിവൈ.എസ്.പി മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് പോലീസ് കേസെടുത്തത്. താമരശ്ശേരി ഡിവൈ.എസ്.പി. കെ.പി. അബ്ദുള്‍ റസാക്കിന്റെ പോലീസ് ജീപ്പ് തിരുവങ്ങൂരിലെത്തിയപ്പോള്‍ മുതല്‍ പിന്നില്‍ അതിവേഗത്തില്‍ വന്ന സ്വകാര്യ ബസ് തുടര്‍ച്ചയായി ഹോണടിച്ചും ഡോറിലടിച്ചും പോലീസ് ജീപ്പിനെ മറികടക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. എന്നാല്‍ എതിര്‍ ഭാഗത്തുനിന്ന് വാഹനങ്ങള്‍ നിരനിരയായി വരുന്നതിനാല്‍ ബസിനു വഴികൊടുക്കാന്‍ ആയില്ലെന്ന് ഡിവൈ.എസ്.പി. പറഞ്ഞു. എന്നിട്ടും ബസ് ഹോണടിച്ചു കൊണ്ടേയിരുന്നു. ഹോണടി ശല്യം അതിരുവിട്ടപ്പോഴാണ് ചെങ്ങോട്ടുകാവ് ടൗണില്‍ ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം പോലീസ് വാഹനം റോഡിന് മധ്യത്തില്‍ നിര്‍ത്തി ബസ് തടഞ്ഞിട്ടത്.

ഗാലക്‌സി ബസ് ഡ്രൈവര്‍ മാഹി പുന്നോളി സജീര്‍ മന്‍സില്‍ സഹീര്‍ (34), കണ്ടക്ടര്‍ കോഴിക്കോട് വെള്ളിപറമ്പ് പുവന്‍പറമ്പത്ത് അബൂബക്കര്‍ (40) എന്നിവര്‍ക്കെതിരേയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബസ് ജീവനക്കാര്‍ പണിമുടക്ക് നടത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥനെ അവഹേളിക്കുംവിധം സംസാരിക്കുകയും തട്ടിക്കയറുകയുമായിരുന്നു ബസ് തൊഴിലാളികള്‍ ചെയ്തതെന്ന് പോലീസ് വിശദീകരിച്ചു.

കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ ഒന്നര മിനിറ്റ് ഇടവിട്ടാണ് ബസുകള്‍ സര്‍വീസ് നടത്തുന്നതെന്ന് ബസ് തൊഴിലാളികള്‍ പറയുന്നു. കോഴിക്കോടുനിന്ന് രണ്ടേമുക്കാല്‍ മണിക്കൂര്‍കൊണ്ട് കണ്ണൂരില്‍ ഓടിയെത്തണം. ഇതിനിടയില്‍ പലസ്ഥലത്തും ഗതാഗതതടസ്സം ഉണ്ടാവും. അരമിനിറ്റ് വൈകിയാല്‍ പിറകില്‍വരുന്ന ബസ് മറികടന്ന് ഓടും. ഇതോടെ ബസ് ജീവനക്കാര്‍ വലിയ സമ്മര്‍ദത്തിലാവും. ഇതാണ് വേഗത്തിലും മറ്റ് വാഹനങ്ങളെ മറികടന്നും ഓടിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. ബസുകളുടെ സമയക്രമം പുനഃപരിശോധിക്കുകയാണ് അടിയന്തരമായി വേണ്ടതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

റിമാന്‍ഡിലായ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുംവേണ്ടി കൊയിലാണ്ടി കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്ന് ബസ് നടത്തിപ്പുകാരനായ ശ്യംപ്രസാദ് കുറ്റ്യാടി പറഞ്ഞു. തിങ്കളാഴ്ച ജാമ്യ ഹര്‍ജി പരിഗണിക്കുമെന്നാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Content highlights: Misbehavior against DySP, private bus driver and conductor remanded, Bus strike affected daily commuters