മലപ്പുറം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം നടത്തിയതിന് കേസെടുത്തു. കരുവാരക്കുണ്ട് പോലീസ് ആണ് കേസെടുത്തത്. മഹല്ല് ഖാസി, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്, വിവാഹത്തില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ വിവാഹം നടത്തിയതായി പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയാല്‍ അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ബാല വിവാഹ നിരോധന നിയമത്തിലുള്ളത്.

കേസുമായി ബന്ധപ്പെട്ട് കരുവാരക്കുണ്ട് പോലീസ് കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം. എന്നാല്‍ ഇത്തരം കേസുകളില്‍ ഇരയുടെ ഒരു വിവരവും പുറത്തുവിടാന്‍ പാടില്ലെന്നാണ് നിയമം. അതുകൊണ്ടുതന്നെ കസ്റ്റഡിയിലെടുത്തവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിടില്ല.

Content Highlights: minor marriage in malappuram, police registers case against parents and husband