സജി ചെറിയാൻ | ഫോട്ടോ: സി. ബിജു
തിരുവനന്തപുരം: ഭരണഘടനയെക്കുറിച്ചുളള വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ മന്ത്രി സജി ചെറിയാന്‍ രാജിവെക്കേണ്ടതില്ലെന്ന നിലപാടില്‍ സിപിഎം. വിവാദ പ്രസംഗത്തില്‍ മന്ത്രി സഭയില്‍ ഖേദപ്രകടനം നടത്തുകയും മന്ത്രിയുടെ പ്രസ്താവന വാര്‍ത്താക്കുറിപ്പായി പുറത്തിറങ്ങുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇതോടെ വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും നീക്കമെന്നാണ് സൂചന.
ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നാണ് സഭയില്‍ മന്ത്രി വിശദീകരിച്ചത്. പ്രസംഗമധ്യേയുള്ള പരാമര്‍ശങ്ങള്‍ ഏതെങ്കിലും രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും താന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ക്ക് പ്രചാരണം ലഭിക്കാനും ഇടവന്നിട്ടുണ്ടെങ്കില്‍ അതില്‍ അതിയായ ദുഃഖവും ഖേദവും പ്രകടിപ്പിക്കുന്നെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
Also Read
വിവാദ പ്രസംഗം ചര്‍ച്ചയായതിന് പിന്നാലെ മുഖ്യമന്ത്രി സജി ചെറിയാനെ വിളിച്ചുവരുത്തിയിരുന്നു. മന്ത്രിക്ക് ഉണ്ടായത് നാക്കുപിഴയാണെന്നാണ് മുതിര്‍ന്ന നേതാവ് എംഎ ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചത്. അതേസമയം ശക്തമായ പ്രതിഷേധവുമായി യുഡിഎഫും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണറെ കാണുന്നുണ്ട്.
അതിനിടെ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടിയിട്ടുണ്ട്. പ്രസ്താവനയുടെ വീഡിയോ അടക്കം ഹാജരാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ പ്രസ്താവന ഭരണഘടനാ ലംഘനമാണോയെന്ന് പരിശോധിക്കും. പ്രസംഗം പരിശോധിച്ചതിന് ശേഷം ഗൗരവതരമെങ്കില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കും.
മല്ലപ്പള്ളിയില്‍ 'പ്രതിവാര രാഷ്ട്രീയ നിരീക്ഷണം' എന്ന പരിപാടിയിലായിരുന്നു മന്ത്രി ഭരണഘടനയ്‌ക്കെതിരേ സംസാരിച്ചത്. മന്ത്രിയുടെ പ്രസംഗം മാതൃഭൂമി ഡോട്ട്‌കോം വാര്‍ത്തയാക്കിയതോടെ സംഭവം വിവാദമാവുകയും പ്രതിപക്ഷ കക്ഷികളും നിയമവിദഗ്ധരും അടക്കം മന്ത്രിക്കെതിരേ രംഗത്തുവരികയും ചെയ്തു. മന്ത്രിയുടെ പരാമര്‍ശം വിവാദമായതോടെ ഗവര്‍ണറും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാന്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. പ്രസംഗം പരിശോധിച്ചതിന് ശേഷം ഗൗരവതരമെങ്കില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കും.
Content Highlights: miniter saji cheriyan likely not to resign over controversial remarks
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..