മന്ത്രിമാരായ ആന്റണി രാജു , വി ശിവൻ കുട്ടി, ജി.ആർ അനിൽ എന്നിവർ കേരള ഹൗസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു | ഫോട്ടോ: സാബു സ്കറിയ
ന്യൂഡല്‍ഹി: കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണാനെത്തിയ മന്ത്രിതല സംഘത്തിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചെന്ന് പരാതി. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര് അനില്‍, ആന്റണി രാജു എന്നിവര്‍ക്കാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത് എന്ന് മന്ത്രിമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ സമീപനം ജനാധിപത്യവിരുദ്ധമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് പരാതി നല്‍കും. കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയ്ക്കായി നേരത്തെ തന്നെ അനുമതി ചോദിച്ചിരുന്നു. ഡല്‍ഹിയിലെത്തിയാല്‍ ഇന്നോ നാളെയോ കാണാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞത് പ്രകാരമാണ് കേരളത്തില്‍ നിന്നെത്തിയത്. എന്നാല്‍ ഇന്ന് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയപ്പോള്‍ കാണാന്‍ കഴിയില്ലെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞതെന്നും വി ശിവന്‍കുട്ടി കേരള ഹൗസില്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് റെയില്‍വേ സഹമന്ത്രി ദര്‍ശന ജര്‍ദോഷുമായും റെയില്‍വേ ബോര്‍ഡ് ചെയര്മാന് വി കെ തൃപാഠിയുമായും കൂടിക്കാഴ്ച നടത്തിയ മന്ത്രിതല സംഘം സംസ്ഥാനത്തിന്റെ നിവേദനം കൈമാറി. നേമം കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് വ്യക്തത തേടിയാണ് നിവേദനം കൈമാറിയത്.
സംസ്ഥാനത്തിന്റെ റെയില്‍ ഗതാഗത വികസനത്തിന് അനിവാര്യമായ ഒരു പദ്ധതിയാണ് നേമം കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി. ഇത് ഉപേക്ഷിക്കാനുള്ള കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം തലസ്ഥാന നഗരിക്കും കേരള സംസ്ഥാനത്തിനും മൊത്തത്തില്‍ തിരിച്ചടിയായിരിക്കുകയാണ്. പദ്ധതി ഉപേക്ഷിച്ചാല്‍ പദ്ധതിക്കായി ഭൂമി വിട്ടുനല്കിയവരും കടുത്ത പ്രതിസന്ധി നേരിടേണ്ടിവരും. പദ്ധതി കേരളത്തിന്റെ റെയില്‍ വികസനത്തിന് വലിയ ഉത്തേജനം മാത്രമല്ല,നടപ്പാക്കിയാല്‍ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക പുരോഗതിക്ക് സംഭാവന നല്‍കും. പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാനും 2019ല്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ച പദ്ധതിയുടെ ഡിപിആറിന് അനുമതി നല്‍കാനുമാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടിക്കാഴ്ചയെ പോസിറ്റീവായാണ് കാണുന്നതെന്ന് മന്ത്രിമാര്‍ പ്രതികരിച്ചു. പദ്ധതി ഉപേക്ഷിച്ചിട്ടില്ല എന്ന് ബോര്‍ഡ് ചെയര്മാന് വ്യക്തമാക്കിയിട്ടുണ്ട്. മള്‍ട്ടി മോഡല്‍ പഠനം നടന്നു കൊണ്ടിരിക്കുകയാണെന്ന് ചെയര്മാന് വ്യക്തമാക്കിയതായും മന്ത്രിമാര്‍ വിശദീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..