തിരുവനന്തപുരം: കുന്നത്തുനാട് ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കടുത്ത നിലപാടുമായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. നിലം നികത്തലമായി ബന്ധപ്പെട്ട് താനറിയാതെ ഒരുത്തരവും ഇറങ്ങരുതെന്ന് റവന്യു മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. റവന്യു സെക്രട്ടറിക്ക് രേഖ മൂലമാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
കുന്നത്തുനാട് നിലംനികത്തലുമായി ബന്ധപ്പെട്ട് അനുകൂലമായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് മന്ത്രി ഇടപെട്ട് മരവിപ്പിച്ചിരുന്നു. ഉത്തരവ് മരവിപ്പിച്ച നടപടിക്ക് നിയമസാധുത ഇല്ലെന്നാണ് അഡ്വക്കറ്റ് ജനറല്‍ സി.പി സുധാകരപ്രസാദ് മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്ന നിയമോപദേശം. ഇതിന്റെ പകര്‍പ്പ് ഇതേവരെയും റവന്യു മന്ത്രിക്ക് ലഭ്യമാക്കിയിട്ടില്ല. ഇതിനെ തുടര്‍ന്നാണ് കുന്നത്തുനാട് വിഷയവുമായി ബന്ധപ്പെട്ട് താനറിയാതെ ഒരു നടപടിയോ ഉത്തരവോ ഉണ്ടാകരുത് എന്ന് റവന്യു സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ വി വേണു ഐ.എ.എസിനെ മന്ത്രി അറിയിച്ചിരിക്കുന്നത്.
നിയമോപദേശം മന്ത്രിക്ക് എതിരായത് പഴയ ഉത്തരവ് നിലനില്‍ക്കുന്ന സ്ഥിതി ഉണ്ടാക്കും. അത് നിലംനികത്തലിന് വേണ്ടി ശ്രമിക്കുന്ന കമ്പനിക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കും. അത്തരം നടപടികള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണ് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ ഫയലുകളും താന്‍ കണ്ടശേഷം മാത്രമേ നടപടിയിലേക്ക് നീക്കാവു എന്നാണ് മന്ത്രിയുടെ കര്‍ശന നിര്‍ദേശം.
content highlights: Kunnathunad land deal, E Chandrasekharan, CPI