പാല: നാര്‍ക്കോട്ടിക് ജിഹാദ് വിവാദം കത്തിനില്‍ക്കെ മന്ത്രി വി.എന്‍. വാസവന്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെ സന്ദര്‍ശിച്ചു. നാര്‍ക്കോട്ടിക് ജിഹാദ് സംബന്ധിച്ച പ്രസ്താവന വിവാദം സൃഷ്ടിച്ചശേഷം ഇതാദ്യമായാണ് ഒരു സര്‍ക്കാര്‍ പ്രതിനിധി ബിഷപ്പിനെ സന്ദര്‍ശിക്കുന്നത്.

അനുനയശ്രമവുമായി കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയതിന് പിറകെയാണ് മന്ത്രിയുടെ സന്ദര്‍ശനം. കാലത്ത് ബിഷപ്പ് ഹൗസിലെത്തിയ മന്ത്രി ബിഷപ്പുമായും പുരോഹിതരുമായും ചര്‍ച്ച നടത്തി. മന്ത്രിയെ കൂടാതെ എംജി. സര്‍വകലാശാല മുന്‍വൈസ് ചാലന്‍സലറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗവുമായ സിറിയക് തോമസും ചര്‍ച്ചയില്‍ പങ്കെടുത്തു.

എന്നാല്‍, നാര്‍ക്കോട്ടിക് ജിഹാദ് സംബന്ധിച്ച വിവാദമൊന്നും ബിഷപ്പുമായുള്ള ചര്‍ച്ചയില്‍ വിഷയമായില്ലെന്ന് മന്ത്രി പറഞ്ഞു. ബിഷപ്പിന്റെ വിവാദപ്രസംഗം ഒരു അടഞ്ഞ അധ്യായമാണെന്നും തന്റേത് ഒരു സൗഹൃദസംഭാഷണം മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.

'ഞാന്‍ ഇവിടെ പുതിയ ആളല്ല. നേരത്തെയും പലവട്ടം വന്നിട്ടുണ്ട്. പിതാവിനോടൊപ്പം ഭക്ഷണം കഴിക്കാനുള്ള അവസരം വരെയുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും വരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പിതാവിനെ കാണാന്‍ കഴിഞ്ഞില്ല. ഫോണില്‍ സംസാരിച്ചിരുന്നു. സാധാരണനിലയില്‍ മന്ത്രിസഭയുടെ കാര്യങ്ങളുമായി തിരുവനന്തപുരത്ത് തിരക്കായിരിക്കും. ഇപ്പോള്‍ എന്റെ മണ്ഡലത്തിലെ സ്‌കൂളുകളുമായി ബന്ധപ്പെട്ട ഒരു ചടങ്ങിന് വരേണ്ടിവന്നു. അതിന്റെ ഇടവേളയിലാണ് ഇപ്പോള്‍ ബിഷിപ്പിനെ സന്ദര്‍ശിക്കുന്നത്. ആശുപത്രിയുടെയും പാലത്തിന്റെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമെല്ലാമാണ് ഞങ്ങള്‍ സംസാരിച്ചത്. നാര്‍ക്കോട്ടിക് വിവാദം സംബന്ധിച്ച് ബിഷപ്പ് പരാതിയൊന്നും പറഞ്ഞില്ല. അതൊരു അടഞ്ഞ അധ്യായമാണ്. അത് ചര്‍ച്ചയായതേയില്ല. ബിഷപ്പിന് പരാതി പറയേണ്ട കാര്യമില്ല. അത് ചര്‍ച്ചയാകേണ്ട ഒരു സാഹചര്യമില്ല. വളരെ പാണ്ഡിത്യമുളള ആളാണ് ബിഷപ്പ്. ബൈബളിലും ഖുറാനിലും ഗീതയിലുമെല്ലാം നന്നായി പഠിച്ചിട്ടുള്ളയാളാണ്. ഞങ്ങള്‍ ഇതു സംബന്ധിച്ച് നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അത് സംബന്ധിച്ച സര്‍ക്കാരിന്റെ തീരുമാനം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിക്കഴിഞ്ഞതാണ്. ഈ വിഷയത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞുകഴിഞ്ഞു. അതുതന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. അതില്‍ സര്‍ക്കാര്‍ പിന്നോട്ടുപോവില്ല. വര്‍ഗീയവാദികളും തീവ്രവാദികളുമാണ് ഇത്തരത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. അത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഇവരുമായി സന്ധി ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറല്ല-വാസവന്‍ പറഞ്ഞു.

നാര്‍ക്കോട്ടിക് ജിഹാദ് സംബന്ധിച്ച ബിഷപ്പിന്റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ഒരാഴ്ചയ്ക്കുശേഷമാണ് മന്ത്രിയുടെ വരവ്. വിഷയം ചർച്ച ചെയ്തില്ലെന്ന് മന്ത്രി  പറയുന്നുണ്ടെങ്കിലും പ്രശ്നം രമ്യമായി   പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗം തന്നെയാണ് മന്ത്രിയുടെ സന്ദര്‍ശനമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഫലപ്രദമായി ഇടപെട്ടിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇരുവരും ഇരു സമുദായ നേതാക്കളെയും ചെന്നുകണ്ട് അനുനയശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഒരാഴ്ചക്കാലമായി കോട്ടയത്ത് ഉണ്ടായിട്ടും വിഷയത്തില്‍ ഇടപെടാതിരുന്ന മന്ത്രി പെട്ടന്ന് ഇത്തരത്തിലുള്ള ഒരു സന്ദര്‍ശനം നടത്താനുള്ള കാരണവും ഇതുതന്നെയാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ബിഷപ്പിനെ സന്ദര്‍ശിച്ചശേഷം മന്ത്രി മറ്റ് മതനേതാക്കളെയും സന്ദര്‍ശിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ ഇതു സംബന്ധിച്ച് മന്ത്രിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഒന്നുമുണ്ടായിട്ടില്ല.

Content Highlights: Minister VNVasavan Visits Pala Bishop in the wake of narcotic jihad controversy