തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടാന്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം നടത്തുന്നതിനിടെ അനുപമയ്ക്ക്‌ നിയമ സഹായവുമായി സര്‍ക്കാര്‍. അനുപമയുടെ കുഞ്ഞിന്റെ വിഷയം കോടതിയെ അറിയിക്കാന്‍ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതിയെ സര്‍ക്കാര്‍ സമീപിക്കും. ദത്തു നല്‍കിയ കുഞ്ഞില്‍ അനുപമ ഉന്നയിക്കുന്ന അവകാശവാദം സര്‍ക്കാര്‍ കോടതിയെ അറിയിക്കും. അതേസമയം സെക്രട്ടേറിയേറ്റ്‌ പടിക്കല്‍ അനുപമും അജിത്തും നടത്തുന്ന നിരാഹാരം തുടരുകയാണ്.

കോടതിയെ സമീപിക്കാനുള്ള നിര്‍ദേശം മന്ത്രി വീണ ജോര്‍ജ് വകുപ്പ് സെക്രട്ടറിക്കാണ് നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് ഇന്ന് തന്നെ കോടതിയെ ഇത് ബോധ്യപ്പെടുത്താനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അല്‍പസമയത്തിനകം തന്നെ ഗവണ്‍മെന്റ് പ്ലീഡര്‍ ഇക്കാര്യം അറിയിക്കും. അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികള്‍ക്ക് ദത്ത് നല്‍കിയതായി ഏകദേശം ഉറപ്പായി കഴിഞ്ഞു. ഇപ്പോള്‍ താല്‍ക്കാലികമായാണ് ദത്ത് നല്‍കിയിരിക്കുന്നത്. ഇതിന്റെ നടപടികള്‍ കോടതിയില്‍ പൂര്‍ത്തിയാവുകയാണ്. അടുത്ത ആഴ്ച ഇതിന്റെ അന്തിമ വിധി കോടതി പുറപ്പെടുവിക്കാനിരിക്കുകയാണ്. 

ആന്ധ്രയില്‍ ദത്തു നല്‍കിയ കുഞ്ഞ് തന്റേതാണെന്ന അവകാശവാദം അനുപമ പലതവണ ഉയര്‍ത്തിക്കഴിഞ്ഞു. ഈ കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധന നടത്തണമെന്നും അനുപമ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നിവേദനം നല്‍കാനിരിക്കെയാണ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത്. ഈ കുഞ്ഞില്‍ അനുപമ അവകാശവാദം ഉയര്‍ത്തിയ കാര്യമാണ് സര്‍ക്കാര്‍ അല്‍പസമയത്തിനകം വഞ്ചിയൂര്‍ കുടുംബ കോടതിയെ അറിയിക്കുക.

ഈ കുഞ്ഞിനെ ഏറ്റെടുത്തതും ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതിക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന അന്വേഷണവും സര്‍ക്കാര്‍ നടത്തും. ഇതുമായി ബന്ധപ്പെട്ട ഉത്തരവും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കും. കുഞ്ഞിന്റെ കാര്യത്തില്‍ അന്തിമ വിധി വരുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ കോടതിയെ അറിയക്കാനാണ് സര്‍ക്കാര്‍ നീക്കം. 

കോടതിയെ കാര്യങ്ങളറിയിക്കാന്‍ ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി: മന്ത്രി വീണാ ജോര്‍ജ്

"കുട്ടിയുടെ ദത്ത് നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിക്ക് മുമ്പാകെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി. ഈ കുട്ടിയുടെ ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തണമെന്ന് ആവശ്യപ്പെടാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പിന് നിര്‍ദേശം നല്‍കി."

Content Highlights: Minister Veena george, Anupama Child missing case