മന്ത്രി വി.എൻ.വാസവൻ പഴയിടത്തിന്റെ വീട്ടിലെത്തിയപ്പോൾ |ഫോട്ടോ:ജി.ശിവപ്രസാദ്
കോട്ടയം: പഴയിടം മോഹനന് നമ്പൂതിരിയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി വി.എന്‍.വാസവന്. സിപിഎമ്മിന്റെ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മന്ത്രി പഴയിടത്തിന്റെ വീട്ടിലെത്തിയത്. സ്കൂള്‍ കലോത്സവത്തിലെ നോണ്‍വെജ് വിവാദങ്ങള്‍ക്കിടെയാണ് മന്ത്രിയുടെ സന്ദര്‍ശനം. പഴയിടത്തിന് പിന്തുണയറിയിച്ച വി.എന്‍.വാസവന് സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും വ്യക്തമാക്കി. മനുഷ്യ നന്മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് പഴയിടമെന്നും മന്ത്രി പറഞ്ഞു. വിവാദങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയതായും പഴയിടം വ്യക്തമാക്കി.
മന്ത്രിയുടെ വരവറിഞ്ഞ് അദ്ദേഹത്തിന് പഴയിടം വീട്ടില്‍ ഭക്ഷണം ഒരുക്കിയിരുന്നെങ്കിലും മറ്റൊരിടത്ത് നിന്ന് കഴിച്ചതായി മന്ത്രി അറിയിച്ചു. പഴയിടത്തിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാനായിരുന്നു പദ്ധതി. പക്ഷേ ഓരോ വീടുകള്‍ കയറി ഇറങ്ങിയപ്പോള്‍ മറ്റൊരിടത്ത് നിന്ന് കഴിക്കേണ്ടി വന്നതായും മന്ത്രി അദ്ദേഹത്തെ അറിയിച്ചു. അത് കുഴപ്പമില്ലെന്നും ഇലയിട്ട് എല്ലാം ഒരുക്കി വെച്ചിരിക്കുകയായിരുന്നുവെന്ന് പഴയിടവും കുശലാന്വേഷണത്തിനിടെ പറഞ്ഞു.
'മഹാമാരിയുടെ കാലത്ത് സന്മനസ്സ് കാണിച്ച തിരുമേനിയെ ഞങ്ങള്‍ക്ക് മാറ്റിനിര്‍ത്താനോ മറക്കാനോ എങ്ങനെ കഴിയും. ഏതെങ്കിലും തരത്തില്‍ മറന്നാല്‍ വലിയ തരത്തിലുള്ള അനീതിയാകും അത്. തിരുമേനിയോടുള്ള ആത്മ ബന്ധം അത് മാത്രമല്ല. നിരവധി സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ഞങ്ങളുടെ അഭ്യര്‍ത്ഥന അനുസരിച്ച് പലര്‍ക്കായി സഹായം ചെയ്തിട്ടുണ്ട്. പാവപ്പെട്ടവരുടെ വിവാഹത്തിന് ഭക്ഷണം നല്‍കിയിട്ടുണ്ട്. നന്മ നിറഞ്ഞ മനസ്സാണ് അദ്ദേഹത്തിന്റേത്. ആ മനസ്സ് സൗഹൃദം കൂട്ടിയുറപ്പിക്കാനിടയാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് ഏതെങ്കിലും വിധത്തില്‍ വേദനയോ വിഷമമോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഞാനും പങ്കുചേരുന്നു. ഇക്കാര്യം അറിയിച്ച് ആ സമയത്ത് തന്നെ അദ്ദേഹത്തെ വിളിച്ചിരുന്നു. അദ്ദേഹം ചെയ്ത സേവനത്തെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി തന്നെ ആധികാരികമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം നന്മനിറഞ്ഞ മനസ്സുള്ള തിരുമേനിയാണ്' വാസവന് പറഞ്ഞു.
കലോത്സവത്തിന് ഇനി ഭക്ഷണം വിളമ്പാനില്ലെന്ന് പഴയിടം അറിയിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഏത് നല്ല കാര്യത്തിന്റെ മുന്‍പിലും അദ്ദേഹം വരും, ഒരിക്കലും സമൂഹത്തോട് പുറംതിരിഞ്ഞ് നില്ക്കുന്ന മനസ്സല്ല തിരുമേനിയുടേതെന്നും വാസവന് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ പ്രതിനിധിയായിട്ടല്ല വാസവന്റെ സന്ദര്‍ശനത്തെ കാണുന്നതെന്ന് പഴയിടം ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ചു. ഒരു ജ്യേഷ്ഠ സഹോദര ബന്ധത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം വന്നത്. അതിനെ സര്‍ക്കാരിന്റെ പ്രതിനിധിയായി കാണുന്നില്ല. 'എനിക്ക് ചെറിയ ആശങ്കകളുണ്ടായി. അതിനെ കുറിച്ച് സംസാരിച്ചു. തീരുമാനത്തിലേക്കെത്താന്‍ കുറച്ച് സമയമെടുക്കും' പഴയിടം പറഞ്ഞു.
Content Highlights: Minister Vasavan reached the house of pazhayidam mohanan namboothiri and supported him
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..