അനീറ കബീർ
തിരുവനന്തപുരം: ട്രാന്‍സ് വനിതയായി ജീവിക്കാനാവില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ നല്‍കാന്‍ അഭിഭാഷകനെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് അപേക്ഷ നല്‍കിയ അനീറ കബീറിനെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഫോണില്‍ വിളിച്ച് സംസാരിച്ചു. അനീറയ്ക്ക് നിലവിലുള്ള സ്‌കൂളില്‍ ജോലിയില്‍ തുടരാന്‍ സാഹചര്യം ഒരുക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
മാന്യമായി ജോലി ചെയ്ത് ജീവിക്കാന്‍ ട്രാന്‍സ് വനിത എന്ന നിലയ്ക്ക് തന്നെ അനുവദിക്കുന്നില്ലെന്നും പാലക്കാട്ടെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉണ്ടായിരുന്ന താത്കാലിക അധ്യാപക ജോലി നഷ്ടമായെന്നും അനീറ മന്ത്രിയെ അറിയിച്ചു. സഹോദരന്‍ ദിവസങ്ങള്‍ക്ക് മുമ്പ് അപകടത്തെ തുടര്‍ന്ന് മരിച്ചെന്നും ആ കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല കൂടി തനിക്ക് വന്നു ചേര്‍ന്നെന്നും അനീറ മന്ത്രിയോട് പറഞ്ഞു. അനീറയുടെ കുടുംബ പശ്ചാത്തലവും വിദ്യാഭ്യാസ യോഗ്യതയും മന്ത്രി ചോദിച്ചറിഞ്ഞു. രണ്ട് ബിരുദാനന്തര ബിരുദവും എം എഡും സെറ്റും തനിക്കുണ്ടെന്ന് അനീറ അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. അനീറയ്ക്ക് നഷ്ടമായ ജോലി തിരികെ നല്‍കാന്‍ ആവശ്യമായ നടപടികള്‍ എടുക്കാന്‍ മന്ത്രി പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അനീറ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടിയുള്ള വിശദമായ നിവേദനം തനിക്ക് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയെ തിരുവനന്തപുരത്തെത്തി നേരില്‍ കണ്ട് നിവേദനം നല്‍കുമെന്ന് അനീറ അറിയിച്ചു.
ട്രാന്‍സ് വനിത എന്നനിലയില്‍ ജോലിചെയ്ത് ജീവിക്കാന്‍ ജീവിക്കാനാവില്ലെന്ന് കാട്ടി ഹൈക്കോടതിയില്‍ ദയാവധത്തിനായി അപേക്ഷനല്‍കാന്‍ അഭിഭാഷകനെ ലഭ്യമാക്കിത്തരണമെന്നാവശ്യപ്പെട്ട് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് അപേക്ഷ നല്‍കിയ അനീറയുടെ വാര്‍ത്ത മാതൃഭൂമിയാണ് പ്രസിദ്ധീകരിച്ചത്.
Content Highlights: Minister V Sivankutty on Aneera Kabir issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..