വി. ശിവൻകുട്ടി | Photo: Mathrubhumi
കോഴിക്കോട്: ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ഏറെ ശ്രദ്ധേയമായ അറുപത്തിയൊന്നാമത് കേരളാ സ്കൂള്‍ കലോത്സവം എക്കാലവും ഓര്മിക്കുന്നതാവുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോവിഡ് മഹാമാരി തളച്ചിട്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന കലോത്സവം ഏറെ മികവോടെ സംഘടിപ്പിക്കാനായത് വലിയ നേട്ടമാണ്. കലോത്സവം വിജയകരമാക്കിയതിന് കോഴിക്കോട്ടുകാരോടാണ് ഏറ്റവും അധികം നന്ദി പറയാനുള്ളതെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മന്ത്രി പറഞ്ഞു.
ഭക്ഷണത്തിലെ വൈവിധ്യങ്ങളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. ഇത്തവണ കുട്ടികള്‍ക്ക് കോഴിക്കോടന്‍ ബിരിയാണി നല്‍കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അടുത്ത തവണത്തെ കലോത്സവത്തില്‍ മാസാഹാരം വിളമ്പുന്ന കാര്യം പരിഗണനയിലുണ്ട്. എല്ലാവരുടെ ഭക്ഷണസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുമെന്നും വെജിറ്റേറിയന്‍ ഇഷ്ടമുള്ളവര്‍ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയന്‍ ഇഷ്ടമുള്ളവര്‍ക്ക് നോണ്‍ വെജിറ്റേറിയനും കഴിക്കാമെന്നും മന്ത്രി പറഞ്ഞു.
പതിനായിരക്കണക്കിന് പേരാണ് ഇത്തവണ ദിവസവും ഊട്ടുപുരയില്‍ നിന്ന് ഭക്ഷണം കഴിച്ചത്. ഒരുപക്ഷേ ഇത്രയും ദിവസം ഇത്രയും വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സമൂഹത്തെ ഊട്ടുന്നത് ചരിത്രമാകാം. അടുത്ത തവണ വേള്‍ഡ് റെക്കോര്‍ഡ് അധികൃതരെ അറിയിച്ച് കലോത്സവം നടത്താം എന്നാണ് കരുതുന്നത്. ആ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കും വിധമുള്ള നടപടികള്‍ അടുത്ത കലോത്സവം മുതല്‍ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുപറഞ്ഞു.
കലോത്സവ മാനുവല്‍ പരിഷ്കരണം പരിഗണനയിലാണ്. കാലാനുസൃതമായി മാനുവല്‍ പുതുക്കപ്പെടേണ്ടതുണ്ടെന്നും അതിനുള്ള നടപടികള്‍ താമസിയാതെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഗോത്രവര്‍ഗ്ഗ കലകളെ എങ്ങനെ കലോത്സവവുമായി ഉള്‍ച്ചേര്‍ക്കാം എന്ന കാര്യം വളരെ ഗൗരവമായിത്തന്നെ പരിഗണിക്കുമെന്നും അടുത്ത കലോത്സവത്തിന് മുമ്പായി ഇക്കാര്യത്തില്‍ ഒരു പൂര്‍ണ്ണ തീരുമാനം കൈക്കൊള്ളാന്‍ ആകുമെന്നും മന്ത്രി വ്യക്തമാക്കി.
കൃത്യസമയം പാലിച്ച് മേള നടത്താനായത് വലിയ നേട്ടമാണ്. അത് മത്സരാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംഘാടകര്‍ക്കും ഏറെ ആശ്വാസം നല്കി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അപ്പീലുകള്‍ വളരെ കുറവായിരുന്നു. അപ്പീലുകള്‍ സംബന്ധിച്ച് ഹൈക്കോടതിയില്‍ നിന്നുണ്ടായ നിര്‍ദ്ദേശങ്ങള്‍ കാലിക പ്രാധാന്യമുള്ളതാണ്. സ്കൂള്‍ യുവജനോത്സവത്തില്‍ പങ്കെടുത്ത് വിജയിക്കുന്ന പ്രതിഭകള്‍ പിന്നീട് എങ്ങോട്ട് പോകുന്നു എന്നതിനെ കുറിച്ചൊരു അന്വേഷണം ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ മലയാളത്തിന് പല പ്രതിഭകളെയും കൈമോശം വരുന്നുണ്ട്. ഈ അവസ്ഥ ഇല്ലാതാക്കാന്‍ എന്ത് മാറ്റം കൊണ്ടുവരാന്‍ ആകും എന്നത് പരിശോധിക്കും. ജഡ്ജസിനെ തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ പരിഷ്കരണങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
Content Highlights: minister v sivankutty facebook post after state school kalolsavam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..