
വി.ശിവൻകുട്ടി | Screengrab: മാതൃഭൂമി ന്യൂസ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ വീണ്ടും തുറക്കുന്നതിന് വിപുലമായ പദ്ധതി തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും കുട്ടികള്‍ കൂടുതലുള്ള സ്കൂളുകളില്‍ ക്ലാസുകള്‍ ക്രമീകരിക്കുക. കുട്ടികളുടെ എണ്ണം കൂടുതലുള്ള സ്കൂളുകളിലായിരിക്കും പ്രധാനമായും ഇത് നടപ്പിലാക്കുക. സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസുകളും നടക്കും.
ക്ലാസുകള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചര്‍ച്ചകള്‍ നടത്തും. കുട്ടികള്‍ സ്കൂളുകളിലെത്തുമ്പോള്‍ മാസ്ക്, സാനിട്ടൈസര്‍, സാമൂഹിക അകലം ഉറപ്പിക്കല്‍ തുടങ്ങിയവ പാലിക്കുന്നതിനും കുട്ടികള്‍ യാത്ര ചെയ്യുന്ന വാഹനങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയില്‍ വിശദമായ പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
കുട്ടികളില്‍ രോഗവ്യാപനമുണ്ടാകാതിരിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചുകൊണ്ടുള്ള പദ്ധതിയാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുക. നവംബര്‍ ഒന്നിനാണ് സ്കൂളുകള്‍ തുറക്കുന്നതെങ്കിലും ഒക്ടോബര്‍ 15ന് മുന്‍പായി വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. ഇതിന് മുന്നോടിയായി ആരോഗ്യ വിദഗ്ധര്‍, ജില്ലാ കളക്ടര്‍മാര്‍ എന്നിവരുമായി ചര്‍ച്ച നടത്തും.
ഏഴായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളുകള്‍ വരെയുള്ളത് കണക്കിലെടുത്താണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കുന്നത്. അധ്യാപക സംഘടനകളുമായി ഈ വിഷയം ചര്‍ച്ച ചെയ്യും. വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചന നടത്തിയശേഷമാണ് മുഖ്യമന്ത്രി സ്കൂള്‍ തുറക്കുന്ന കാര്യം പ്രഖ്യാപിച്ചതെന്നും മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും മന്ത്രി പറഞ്ഞു.
പ്രൈമറി ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ആരംഭിക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ട്. വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും ആശങ്കകള്‍ പരിഹരിച്ച് മാത്രമേ മുന്നോട്ട് പോകുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: Minister V Shivankutty on arrangements for school reopening
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..