തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന ധാരണാപത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. അമേരിക്കന്‍ കമ്പനിയായ ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന് അമേരിക്കയിലെ കോണ്‍സുലേറ്റ് മറുപടി നല്‍കിയിരുന്നെന്ന് മുരളീധരന്‍ പറഞ്ഞു. ഇതു സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയതിനു ശേഷം നാലു മാസം കഴിഞ്ഞാണ് കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതെന്നും മുരളീധരന്‍ പറഞ്ഞു.

കമ്പനിയെക്കുറിച്ചുള്ള വിശദാംശം അന്വേഷിച്ച് നൽകിയ കത്തിന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് 2019 ഒക്ടോബര്‍ മാസം 21ന് മറുപടി അയച്ചിരുന്നു. ഇഎംസിസിയുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സ്ഥാപനത്തില്‍നിന്ന് ഒരു മറുപടിയും കിട്ടിയില്ല, കമ്പനിയുടേത് വാടക കെട്ടിടത്തിന്റെ വെര്‍ച്വല്‍ വിലാസം മാത്രമാണെന്നും സ്ഥാപനം എന്ന നിലയില്‍ വിശേഷിപ്പിക്കാനാവില്ലെന്നുമായിരുന്നു കോണ്‍സുലേറ്റ് നല്‍കിയ മറുപടി.

 ഈ വിവരങ്ങള്‍ നൽകിയതിന് ശേഷം 2020 ഫെബ്രുവരി 28ന് ആണ് അസന്റിൽ വെച്ച് ഇഎംസിസിയുമായി കേരള സർക്കാർ ധാരണാപത്രം ഒപ്പിടുന്നത്. അതായത്, വിലാസത്തില്‍ പ്രവര്‍ത്തിക്കാത്ത, രജിസ്‌ട്രേഷന്‍ മാത്രമുള്ള ഒരു കമ്പനിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഇത്, മുരളീധരന്‍ പറഞ്ഞു. 

വിശ്വാസ്യതയുള്ള സ്ഥാപനമാണോ ഇഎംസിസി എന്ന് അറിയുന്നതിനായി ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. കമ്പനിയെക്കുറിച്ച് അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അന്വേഷിക്കുകയും മറുപടി നല്‍കുകയും ചെയ്തിരുന്നു. ഈ മറുപടിയിലാണ് കമ്പനി വിശ്വാസയോഗ്യമല്ലെന്ന വിവരമുള്ളതെന്നാണ് മുരളീധരന്‍ ഇന്ന് വ്യക്തമാക്കിയത്.

Content Highlights: Minister V Muraleedharan on EMCC MoU issue