തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ആശുപത്രിവാസം സംശയാസ്പദമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. രവീന്ദ്രന് കോവിഡാണെങ്കില്‍ അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ചവര്‍ എന്തുകൊണ്ട് നിരീക്ഷണത്തില്‍ പോയില്ലെന്ന് മുരളീധരന്‍ ചോദിച്ചു. വാസ്തവത്തില്‍ അദ്ദേഹത്തിന് കോവിഡ് ഉണ്ടോ ഇല്ലെയോ എന്ന ചോദ്യങ്ങള്‍ ജനങ്ങളുടെ മനസില്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
കേസില്‍ മുഖ്യമന്ത്രിയേയും സംശയിക്കാവുന്ന നിലയുണ്ട്. കാരണം പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലാണ്. മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കില്‍ അന്വേഷണം നടക്കും, പങ്ക് ഇല്ലെങ്കില്‍ അന്വേഷണം ഉണ്ടാകില്ലെന്നും മുരളീധരന്‍ പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരായ എല്‍.ഡി.എഫ് വിമര്‍ശനം കോഴിയെ കട്ടവര്‍ തലയില്‍ പൂട തപ്പുന്നത് പോലെയെന്നും മുരളീധരന്‍ ആക്ഷേപിച്ചു. സ്പ്രിംക്ലര്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
content highlights: minister v muraleedharan allegation against cm raveendran