വി.മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചു എന്ന ആരോപണം വ്യാജമാണെന്ന് തെളിയിച്ചതിന് തന്നെ സര്‍ക്കാര്‍ കൂട്ടത്തോടെ ആക്രമിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. കേന്ദ്ര സര്‍ക്കാരിനെതിരെ പറഞ്ഞ കള്ളം കണക്കുകള്‍ ഉദ്ധരിച്ച് പൊളിച്ചതിന് മന്ത്രിമാരായ ബാലഗോപാലും മുഹമ്മദ് റിയാസും തനിക്കെതിരെ തിരിഞ്ഞെന്നും അതിലും ജനങ്ങൾക്ക് ബോധ്യം വന്നില്ല എന്ന് കണ്ട് മുഖ്യമന്ത്രി തന്നെ തനിക്കെതിരെ രംഗത്തിറങ്ങിയെന്നും വി.മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കണക്കുകള്‍ ഉള്‍പ്പടെ മുഖ്യമന്ത്രിയോട് ചില ചോദ്യങ്ങളും കേന്ദ്രമന്ത്രി ഉന്നയിച്ചു.
വി. മുരളീധരന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം
' 'ഉള്ളതു പറഞ്ഞാല്‍ പൊള്ളു'മെന്ന് വീണ്ടും തെളിയിച്ചു, പിണറായി വിജയനും കൂട്ടരും. കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറഞ്ഞു നടന്ന പച്ചക്കള്ളം കണക്കുകള്‍ ഉദ്ധരിച്ച് പൊളിച്ചപ്പോള്‍ കൂട്ടത്തോടെയിറങ്ങി എന്നെ ചീത്തവിളിക്കുകയാണ്. ബാലഗോപാലിനെ ഇറക്കിയെങ്കിലും എറിച്ചില്ലെന്ന് കണ്ട് മരുമകന്‍ മന്ത്രിയെക്കൂടി ഇറക്കി നോക്കി. അതിലും ജനങ്ങള്‍ക്ക് ബോധ്യം വന്നില്ലെന്ന് കണ്ടപ്പോള്‍ സാക്ഷാല്‍ മുഖ്യമന്ത്രി കൂടി ഇറങ്ങിയിരിക്കുന്നു. അതിനാല്‍ ഒരു എളിയ കേന്ദ്രസഹമന്ത്രി മാത്രമായ എന്റെ താഴെപ്പറയുന്ന ചോദ്യങ്ങള്‍ക്ക് ബഹു.മുഖ്യമന്ത്രി 'ഭരണഘടനാ പരമാ'യും വസ്തുതാപരമായും മറുപടി നല്‍കണമെന്ന് ജനങ്ങള്‍ക്ക് മുമ്പില്‍ അഭ്യര്‍ഥിക്കുന്നു.
1. നടപ്പുസാമ്പത്തിക വര്‍ഷം ആകെ (GSDP's 3% +Replacement borrowing +NPS) കേരളത്തിന് അനുവദിച്ച വായ്പാപരിധി എത്രയാണ് ?
2. ഈ പട്ടികയില്‍ പറയുന്ന വായ്പകള്‍ കേരളം ഇതിനോടകം എടുത്തു കഴിഞ്ഞതാണോ ?
A. NABARD Loan, EAP Loan, NSSF loan Rs. 5,700 Cr
B. Off-budget borrowing Rs. 2,500 Cr
C. Over-borrowing of previous year due variation in estimates declared by the State Rs.13,284 crore
D. Borrowing from Public account Rs. 13,177 crore
3. ഇതെല്ലാം കിഴിച്ച് ഇനി കേരളത്തിന് അവകാശപ്പെട്ട തുക എത്രയാണ് ?
4. 'സാമ്പത്തിക വര്‍ഷത്തെ' 9 മാസം എന്നാല്‍ ഏത് മാസം മുതല്‍ ഏത് മാസം വരെ ?
5. മെയ് 26ന് കിട്ടിയ കത്തില്‍ പറഞ്ഞത് ധനമന്ത്രിക്ക് പിടികിട്ടിയില്ലെങ്കില്‍ കേന്ദ്രധനകാര്യ മന്ത്രാലയത്തോട് വ്യക്തത തേടിയിരുന്നോ ?
6. വ്യക്തത തേടാതെ 'കേന്ദ്രം വെട്ടിക്കുറച്ചു ,മുക്കിക്കൊല്ലുന്നു ,രാഷ്ട്രീയ പ്രതികാരം ' എന്നെല്ലാം പറഞ്ഞ് ധനമന്ത്രി ചാടിയിറങ്ങിയത് കോര്‍പ്പറേറ്റ് ഫെഡറലിസത്തിന്റെ അന്തസത്തക്ക് നിരക്കുന്നതാണോ ?
7.സംസ്ഥാനങ്ങളുടെ വായ്പ പരിധി നിശ്ചയിക്കുന്നത് ധനകാര്യ കമ്മിഷനല്ലേ ? അത് എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെയല്ലേ?
8. പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ രാജ്യത്ത് ഏറ്റവുമധികം റവന്യു കമ്മി ഗ്രാന്റ് അനുവദിച്ച സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്തല്ലേ കേരളം ?
9. റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ഏറ്റവുമധികം കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നല്ലേ കേരളം ? ഈ കടത്തിന്റെയെല്ലാം ഈട് കേന്ദ്രസര്‍ക്കാരല്ലേ ?
10. ആശങ്കകളും പരാതികളും ഉന്നയിക്കാന്‍ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ താങ്കള്‍ പങ്കെടുക്കാതിരുന്നത് എന്താണ് ?
ശ്രീ.ബാലഗോപാലിനോട് പറയാനുള്ളത് ;
Replacement borrowing, NPS എന്നൊന്നും താങ്കള്‍ കേട്ടിട്ടേയില്ലാത്തത് എന്റെ കുഴപ്പമല്ല. 'കേന്ദ്രമന്ത്രി അരുതാത്തത് പറഞ്ഞു' എന്ന് താങ്കള്‍ ആവര്‍ത്തിച്ചത് കേട്ടു. അത് വ്യക്തമാക്കണം. താങ്കള്‍ പറഞ്ഞതിലെ ഏറ്റവും വലിയ തമാശ ' കേന്ദ്രമന്ത്രിക്കെങ്ങനെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് കണക്കുകള്‍ കിട്ടുന്നു ' എന്നതാണ് ! ഇന്ത്യയിലെ കേന്ദ്രമന്ത്രിക്ക് പിന്നെ ക്യൂബയിലെ കണക്ക് കിട്ടുമോ സര്‍ ? ഞാന്‍ കൂടി അംഗമായ കേന്ദ്രമന്ത്രി സഭയെക്കുറിച്ച് താങ്കള്‍ ദിവസവും തെറ്റായ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ഞാന്‍ മൗനമായിരിക്കണം എന്ന് പറയുന്നത് ന്യായമാണോ സര്‍ ? താങ്കള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ വാദം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാം ,കേന്ദ്രത്തിന്റെ ഭാഗം രഹസ്യമായ കത്തിടപാടിലൂടെയാകണം എന്ന് ശഠിക്കുന്നത് എവിടുത്തെ ന്യായമാണ് ? ഞാന്‍ സംസാരിക്കുന്നത് കേരളത്തിനെതിരായല്ല , താങ്കളുടെ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ്. കേരളമെന്നാല്‍ സിപിഎം അല്ല. താങ്കളുടെ വികലമായ നയങ്ങള്‍ മൂലം കേരളത്തിലെ വരും തലമുറയ്ക്ക് ശ്രീലങ്കന്‍ യുവതതയുടെ ഗതി വരാതെ നോക്കേണ്ട ഉത്തരവാദിത്തം എനിക്കുമുണ്ട്. പിന്നെ ,എന്നെ ചാരിയാണെങ്കിലും ഐസക്കിനിട്ട് ഒരു കുത്ത് കുത്തിയത് ഇഷ്ടപ്പെട്ടു. ഐസക് തകര്‍ത്ത സമ്പദ്വ്യവസ്ഥ താങ്കള്‍ ശക്തമാക്കി എന്ന വാദം ഗംഭീരമായി. '
Content Highlights: minister v muraleedharan against pinarayi vijayan in union governments debt limit allegation


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..