ഫാദർ തിയോഡേഷ്യസ് ഡിക്രൂസ്, മന്ത്രി അബ്ദുറഹ്മാൻ| Photo: https://www.latinarchdiocesetrivandrum.org/priest-details/116, Mathrubhumi
തിരുവനന്തപുരം: ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാനെതിരായ വിവാദപരാമര്‍ശ കേസില്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരേ എഫ്.ഐ.ആറില്‍ ഗുരുതര പരാമര്‍ശങ്ങള്‍. മുസ്ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ധ്രുവീകരണത്തിനും കലാപത്തിനും ചേരിതിരിവിനും ശ്രമിച്ചെന്നാണ് എഫ്.ഐ.ആറിലുള്ളത്. ബുധനാഴ്ച രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഗുരുതര പരാമര്‍ശങ്ങളുള്ളത്.
മന്ത്രിക്കെതിരായ വിവാദപ്രസ്താവന ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു. ന്യൂനപക്ഷങ്ങള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ട അവസരത്തില്‍ തന്റെ പ്രസ്താവന സമുദായങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ഇടയായതില്‍ ഖേദിക്കുന്നുവെന്നായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്. ഫാദര്‍ തിയോഡേഷ്യസിന്റെ പ്രസ്താവനയ്ക്കെതിരെ കെ.ടി. ജലീല്‍ എം.എല്‍.എ. അടക്കം നിരവധിപ്പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
മന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ വിഴിഞ്ഞം തുറമുഖവിരുദ്ധ സമരസമിതി കണ്‍വീനര്‍ കൂടിയായ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ബുധനാഴ്ച വൈകീട്ട് പോലീസ് കേസെടുത്തിരുന്നു. മതവിദ്വേഷം വളര്‍ത്താനുള്ള ശ്രമം, സാമുദായിക സംഘര്‍ഷത്തിനുള്ള ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്.
അതേസമയം, ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് തോമസ് ജെ. നെറ്റോയ്ക്കെതിരെ രണ്ടു കേസുകള്‍ കൂടി വിഴിഞ്ഞം പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഴിഞ്ഞം തുറമുഖനിര്‍മ്മാണം തടസ്സപ്പെടുത്തതുമായി ബന്ധപ്പെട്ടാണ് ആര്‍ച്ച് ബിഷപ്പിനെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുറമുഖ നിര്‍മ്മാണ സ്ഥലത്ത് അതിക്രമിച്ച് കയറിയതിനാണ് കേസ്. ബിഷപ്പ് ഉള്‍പ്പെടെ വൈദികരടക്കം നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Content Highlights: minister v abdurahman vizhinjam protest father theodosius fir details
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..