വി.അബ്ദുറഹ്‌മാൻ
കൊച്ചി: സംസ്ഥാനത്ത് സമഗ്രകായിക നയം രൂപവത്കരിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവുമായി നടത്തിയ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ലോക ശ്രദ്ധയാകര്‍ഷിക്കുന്ന കായിക നഗരമായി കൊച്ചിയെ വളര്‍ത്തിയെടുക്കുമെന്നും കായികനയം രൂപീകരിക്കുന്നതിനായി ജില്ലാ-സംസ്ഥാന തലങ്ങളില്‍ ശില്പശാലകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അനേകം കായികതാരങ്ങളെ സംഭാവന ചെയ്ത സംസ്ഥാനമാണ് കേരളം. എന്നാല്‍ സമീപകാലത്ത് നമ്മുടെ കായികതാരംങ്ങള്‍ക്കു ഉന്നത സ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കുന്നില്ല. ഇതിനെക്കുറിച്ച് പഠനം നടത്തും.
മഹാരാജാസ് കോളേജ് മൈതാനവും സിന്തറ്റിക് ട്രാക്കും നശിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും. നിലവില്‍ ട്രാക്കും ഫീല്‍ഡും നവീകരിക്കുന്നതിന് ആവശ്യമായ ഏഴു കോടി രൂപ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വകയിരുത്തിയിട്ടുണ്ട്. വാട്ടര്‍ സ്‌പോര്‍ട്‌സിനു ഏറ്റവും സാധ്യതത്തുള്ള പട്ടണമാണ് കൊച്ചി. ഇതുമായി ബന്ധപെട്ടു പ്രൊജെക്ടുകള്‍ തയ്യാറാക്കും. കോവിഡാനന്തര കാലഘട്ടത്തില്‍ കായികക്ഷമത വര്‍ധിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കന്നതിനു പ്രൈമറി വിദ്യാലയം മുതല്‍ കോളേജ് തലത്തില്‍ വരെ അതിനു ഉതകുന്ന പരിപാടികള്‍ സംഘടിപ്പിക്കും.
സംസ്ഥാനത്ത് ആദ്യമായി ജില്ലയില്‍ വനിതകള്‍ക്കായി പനമ്പിള്ളി നഗറില്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കും. കൂടാതെ കായിക യുവജന കാര്യാലയത്തിന്റെ റീജിയണല്‍ ഓഫീസും ജില്ലയില്‍ ആരംഭിക്കും. സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതില്‍ നാം പിന്നോക്കമാണ്. ഇതിനു പരിഹാരമായി കായികരംഗത്തെ സഹായിക്കുന്നതിന് സ്‌പോര്‍ട്‌സ് കേരള ലിമിറ്റഡ് എന്ന പേരില്‍ ആരംഭിക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. ഈ സാമ്പത്തിക വര്‍ഷം സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കും. മാത്രമല്ല സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അസോസിയേഷനുകളുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. കായികാടിസ്ഥാന വികസനത്തിനായി മുന്‍ സര്‍ക്കാര്‍ 850 കോടി രൂപയാണ് വിനയോഗിച്ചത്. എല്ലാ പഞ്ചായത്തുകളിലും ഒരു കളിസ്ഥലം ഒരുക്കും. കായികരംഗത്തെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയെപോലെ തന്നെ ഉന്നത നിലവാരം പുലര്‍ത്തുന്ന രീതിയില്‍ മാറ്റി എടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലയിലെ കായിക രംഗത്തെ പ്രധാന പ്രശ്‌നങ്ങള്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തു. യോഗത്തില്‍ ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ടി ജെ വിനോദ്, പി.ടി. തോമസ്, കെ.ജെ. മാക്‌സി, പി.വി. ശ്രീനിജിന്‍, കൊച്ചി കോര്‍പറേഷന്‍ മേയര്‍ എം. അനില്‍കുമാര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടന്‍, ജിസിഡിഎ ചെയര്‍മാന്‍ വി. സലിം, ജില്ലാ കളക്ടര്‍ എസ്. സുഹാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights; Minister V Abdurahiman Kochi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..