കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദങ്ങള്‍ മറന്ന് ജില്ലയിലെ എംഎല്‍എമാര്‍. തങ്ങളുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും എട്ട് ലക്ഷം രൂപ വീതം സമാഹരിച്ച് മെഡിക്കല്‍ കോളേജിന് വെന്റിലേറ്ററുകള്‍ വാങ്ങി നല്‍കുകയാണ് ജില്ലയില്‍ നിന്നുള്ള 13 എംഎല്‍എമാര്‍. 

എംഎല്‍എമാര്‍ക്ക് അവരവരുടെ നിയോജക മണ്ഡലത്തിന് പുറത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കാന്‍ കഴിയാത്തതിനാല്‍ ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി നേടിയാണ് മെഡിക്കല്‍ കോളേജിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്. മന്ത്രി ടി.പി. രാമകൃഷ്ണനാണ് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

മന്ത്രിയുടെയും എംഎല്‍എമാരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

ആരോഗ്യ രംഗത്ത് മലബാര്‍ മേഖലയിലെ മുഴുവന്‍ സാധാരണക്കാരുടെയും ആശ്രയമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. കുറഞ്ഞ ചിലവില്‍ മികച്ച ചികിത്സ ലഭിക്കുന്നതിനും രോഗികള്‍ക്ക് അത്യാവശ്യ ചികിത്സ ഉറപ്പ് വരുത്തേണ്ടതും ജനപ്രതിനിധികളുടെ കടമയാണ്. നിലവില്‍ ഇവിടെ ലഭ്യമായിട്ടുള്ള വെന്റിലേറ്ററുകള്‍ പരിമിതമാണ്. നിര്‍ധനരായ രോഗികള്‍ വെന്റിലേറ്റര്‍ സൗകര്യം തേടുന്നതിന് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുക എന്നത് ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന ഒന്നായി മാറിയിരിക്കുന്നു. വെന്റിലേറ്ററുകളുടെ അഭാവം പരിഹരിക്കുന്നതിനായി ജില്ലയിലെ 13 എം എല്‍ എമാരും കൂട്ടായ ഒരു തീരുമാനം എടുക്കുകയുണ്ടായി. തങ്ങളുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 8 ലക്ഷം രൂപ വീതം വകയിരുത്തി 13 വെന്റിലേറ്ററുകള്‍ വാങ്ങി മെഡിക്കല്‍ കോളജിന് നല്‍കാം എന്നത് തങ്ങളുടെ നിയോജക മണ്ഡലങ്ങളുടെ പരിധിക്ക് പുറത്തുള്ള വികസന പ്രവര്‍ത്തനമായതിനാല്‍ സ്വാഭാവികമായും ഇതിന് പ്രത്യേക സര്‍ക്കാര്‍ ഉത്തരവ് ആവശ്യമായിരുന്നു. 13 പേരും ഒപ്പിട്ട സമ്മതപത്രത്തോടുകൂടി കൂട്ടായ അപേക്ഷ പ്രത്യേക അനുമതിക്കായി ധനകാര്യ വകുപ്പിലേക്ക് സമര്‍പ്പിക്കുകയും ധനകാര്യ വകുപ്പ് 01.04.2017-ലെ പ്രത്യേക ഉത്തരവ് പ്രകാരം മാര്‍ഗ്ഗരേഖയില്‍ ഇളവ് വരുത്തിക്കൊണ്ട് പണം ഉപയോഗിക്കുന്നതിന് അനുമതി നല്‍കി ഉത്തരവായിട്ടുണ്ട്. മന്ത്രി എന്ന നിലയില്‍ ഞാനും മണ്ഡലത്തിലെ എം എല്‍ എ എന്ന നിലയില്‍ എ പ്രദീപ് കുമാറും ജില്ലയിലെ മറ്റ് എം എല്‍ എമാരായ ശ്രീമാന്‍ എ കെ ശശീന്ദ്രന്‍, കെ ദാസന്‍, സി കെ നാണു, ഇ കെ വിജയന്‍, ഡോ. എം കെ മുനീര്‍, വി കെ സി മമ്മദ്‌കോയ, പി ടി എ റഹിം, ജോര്‍ജ് എം തോമസ്, പുരുഷന്‍ കടലുണ്ടി, കാരാട്ട് റസാക്ക്, പാറക്കല്‍ അബ്ദുള്ള എന്നി​വരും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ട്. ഈ വാര്‍ത്ത എന്റെ സഹപ്രവര്‍ത്തകരോടൊപ്പം വളരെ സന്തോഷത്തോടെയാണ് ഞാന്‍ പങ്ക് വെക്കുന്നത്. മെഡിക്കല്‍ കോളജിന്റെ ആവശ്യങ്ങള്‍ ഇനിയും ഏറെയുണ്ട്. ഇത്തരത്തിലുള്ള എല്ലാ ആവശ്യങ്ങളും പരിഹരിക്കുന്നതിന് നമുക്ക് കൂട്ടായി പരിശ്രമിക്കാം. ആശുപത്രി നമ്മുടെ സ്വന്തമാണ് എന്ന ചിന്തയോടെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.