തിരുവനനന്തപുരം: പ്രധാനമന്ത്രിയുടെ ലൈറ്റുകള്‍ ഓഫ് ചെയ്ത് ദീപം തെളിയിക്കണമെന്ന ആഹ്വാനത്തിനെതിരേ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. രാജ്യമാസകലം ഒരേസമയം വൈദ്യുതി ഉപയോഗം നിര്‍ത്തിവെക്കുന്നത് രാജ്യത്തിന്റെ വൈദ്യുതി വിതരണ സംവിധാനമായ ദേശീയ ഗ്രിഡിനു ഭീഷണിയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈദ്യുതി ഓഫാക്കി ദീപം തെളിക്കണമെന്ന അഭ്യര്‍ത്ഥന പ്രധാനമന്ത്രി തന്നെ തിരുത്തുന്നതാണ് നല്ലതെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. 

കോവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായി അണിനിരക്കുകയാണെന്ന സന്ദേശത്തിന്റെ ആവിഷ്‌കാരമെന്ന നിലയില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് മെഴുകുതിരിയും മൊബൈല്‍ ടോര്‍ച്ചുമൊക്കെ തെളിക്കുന്നതില്‍ അപാകമില്ല. ഇന്ത്യയുടെ പൊതുവികാരത്തിന്റെ സാക്ഷാത്കാരമാണത്. എന്നാല്‍ കോവിഡിനെ പ്രതിരോധിക്കാനും സമ്പദ്ഘടനയെ മടക്കിക്കൊണ്ടു വരാനും പണി വേറെ എടുക്കേണ്ടി വരും. അതുകൊണ്ട് തന്നെ വൈദ്യുതി ഓഫാക്കി ദീപം തെളിക്കണമെന്ന അഭ്യര്‍ത്ഥന പ്രധാനമന്ത്രി തന്നെ തിരുത്തുന്നതാണ് നല്ലതെന്നും ധനമന്ത്രി തന്റെ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം 

പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് നാളെ ദീപം തെളിക്കാം, പക്ഷേ, ആ സമയത്ത് ഒമ്പതു മിനിട്ടു നേരത്തേയ്ക്ക് വൈദ്യുതി സമ്പൂര്‍ണമായി ഓഫാക്കിയാല്‍ പണി കിട്ടും. ഒമ്പതു മിനിട്ടു കഴിഞ്ഞാല്‍ വൈദ്യുതി തിരിച്ചു വരില്ല. കുറച്ചു ദിവസത്തേയ്ക്ക് മെഴുകുതിരി മാത്രമായിരിക്കും വെളിച്ചത്തിന് ആശ്രയം. വൈദ്യുതി ഓഫാക്കി ദീപം തെളിക്കണമെന്ന അഭ്യര്‍ത്ഥന പ്രധാനമന്ത്രി തന്നെ തിരുത്തുന്നതാണ് നല്ലത്. കാള പെറ്റെന്ന് അദ്ദേഹം പറഞ്ഞാല്‍ കയറുമെടുത്ത് പായുന്നവരാണ് അനുയായികളെന്ന് ഇതിനു മുമ്പു നടത്തിയ ആഹ്വാനത്തില്‍ രാജ്യം കണ്ടതാണ്. ഏപ്രില്‍ അഞ്ചിനും അതാവര്‍ത്തിച്ചാല്‍, നിര്‍ണായകമായ ഈ സമയത്ത് രാജ്യം ദിവസങ്ങളോളം ഇരുട്ടിലായിപ്പോകും.
രാജ്യമാസകലം ഒരേസമയം വൈദ്യുതി ഉപയോഗം നിര്‍ത്തിവെച്ചുന്നത് രാജ്യത്തിന്റെ വൈദ്യുതി വിതരണ സംവിധാനമായ ദേശീയ ഗ്രിഡിനു ഭീഷണിയാണ്.

പല സംസ്ഥാനങ്ങളിലെ വൈദ്യുതി മന്ത്രിമാരും ഇക്കാര്യത്തില്‍ കര്‍ശനമായ നിലപാടു സ്വീകരിച്ചു കഴിഞ്ഞു. അതുകൊണ്ട് അബദ്ധം മനസിലാക്കി പ്രധാനമന്ത്രി തന്നെ നിലപാടു തിരുത്തണം. ഈ സമയത്ത് രാജ്യം ഇരുട്ടിലായിപ്പോയാല്‍, നമ്മുടെ ആശുപത്രികളെ അതെങ്ങനെയാവും ബാധിക്കുക.സമാനമായ ഒരു സംഭവം 2012 ജൂലൈ അവസാനം രാജ്യത്തുണ്ടായിട്ടുണ്ട്. 2012 ഇന്ത്യ ബ്ലാക്ക് ഔട്ട് എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ കാര്യങ്ങള്‍ വിശദമായി മനസിലാക്കാവുന്നതേയുള്ളൂ. ഇന്ത്യയുടെ വടക്കുകിഴക്കേ സംസ്ഥാനങ്ങള്‍ മുഴുവന്‍ സമ്പൂര്‍ണമായി രണ്ടു ദിവസത്തേയ്ക്ക് ഇരുട്ടിലായിപ്പോയി. രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി സ്തംഭനമാണ് അന്നുണ്ടായത്. അതിനേക്കാള്‍ ഗുരുതരമായ പ്രതിസന്ധിയാവും ഒരേസമയത്ത് വൈദ്യുതോപകരണങ്ങള്‍ ഓഫാക്കിയാല്‍ സംഭവിക്കുന്നത്.

വീടുകളിലെ ലൈറ്റ് പ്രകാശിപ്പിക്കാന്‍ ഗ്രിഡില്‍നിന്നുള്ള ഊര്‍ജത്തിന്റെ 15 മുതല്‍ 20 ശതമാനം വരെ എടുക്കുന്നുണ്ട്. ഇത് ഒരേസമയം കൂട്ടത്തോടെ ഓഫാക്കിയാല്‍ എന്താണ് സംഭവിക്കുക? ഗ്രിഡ് സ്ഥിരത നഷ്ടപ്പെട്ട് തകര്‍ച്ചയിലെത്തും. ഗ്രിഡിന്റെ പ്രവര്‍ത്തനം സാധാരണനിലയില്‍ എത്തിക്കാന്‍ രണ്ടുമൂന്ന് ദിവസം വേണ്ടിവരും. കോവിഡിനെതിരായ നിര്‍ണായകയുദ്ധം നടക്കുന്ന ഈ ഘട്ടത്തില്‍ ഈ സ്ഥിതി രാജ്യത്തെ ഡോക്ടര്‍മാര്‍ക്കും ഇതര ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും സൃഷ്ടിക്കുന്ന കുഴപ്പങ്ങള്‍ ചിന്തിക്കേണ്ടതാണ്. എല്ലാവരും വീടുകളില്‍ അടച്ചിരിക്കെ ഇത്തരമൊരു സാഹചര്യത്തിന്റെ ആഘാതം എന്തായിരിക്കും?.

പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ചാലുണ്ടാകുന്ന പ്രത്യാഘാതം മഹാരാഷ്ട്രാ വൈദ്യുതി മന്ത്രി നിതിന്‍ റാവത്ത് ഒരു വീഡിയോ മെസേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി വിളക്കുകള്‍ അണയ്ക്കാതെ വേണം വിളക്കുകള്‍ തെളിക്കേണ്ടത് എന്ന് നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു.

ഉത്തര്‍പ്രദേശില്‍ രാത്രി എട്ടു മുതല്‍ ഒമ്പതു വരെ ലോഡ് ഷെഡ്ഡിംഗ് ആലോചിക്കുകയാണ്. തമിഴ്‌നാടും ഈ വഴി ആലോചന നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ സംസ്ഥാന സര്‍ക്കാരുകളും വൈദ്യുതി മന്ത്രിമാരും ഊര്‍ജവിദഗ്ധരും മുന്നറിയിപ്പു നല്‍കിയിട്ടും കേന്ദ്രസര്‍ക്കാര്‍ മൌനം പാലിക്കുകയാണ്.

ഏതായാലും കോവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായി അണിനിരക്കുകയാണെന്ന സന്ദേശത്തിന്റെ ആവിഷ്‌കാരമെന്ന നിലയില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് മെഴുകുതിരിയും മൊബൈല്‍ ടോര്‍ച്ചുമൊക്കെ തെളിക്കുന്നതില്‍ അപാകമില്ല. ഇന്ത്യയുടെ പൊതുവികാരത്തിന്റെ സാക്ഷാത്കാരമാണത്. കോവിഡിനെ പ്രതിരോധിക്കാനും സമ്പദ്ഘടനയെ മടക്കിക്കൊണ്ടു വരാനും പണി വേറെ എടുക്കേണ്ടി വരും.

നാളെ ഒമ്പതു മണിയ്ക്ക് പ്രകാശം തെളിക്കുന്നവര്‍ വൈദ്യുതി ഓഫാക്കാതിരിക്കുക. ഈ സ്ഥിതി വിശേഷം നേരിടാന്‍ നാളെ ഹൈഡല്‍ പവര്‍ ഓഫാക്കുകയാണ് കെഎസ്ഇബി ചെയ്യുന്നത്. ജലവൈദ്യുത പദ്ധതികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിലൂടെ ഈ കുറവു മൂലമുണ്ടായേക്കാവുന്ന ഗ്രിഡ് ആഘാതം ലഘൂകരിക്കാന്‍ വേണ്ട നടപടികള്‍ കെ എസ് ഇ ബിയുടെ വിവിധ ജനറേറ്റിംഗ് സ്റ്റേഷനുകളും കളമശ്ശേരിയിലെ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററും സംയുക്തമായി സ്വീകരിച്ചിട്ടുണ്ട്.

Content Highlights: Minister thomas issac against pm on switch off lights for solidarity