ശശി തരൂർ, വി.അബ്ദുറഹ്മാൻ |ഫോട്ടോ:PTI,മാതൃഭൂമി
തിരുവനന്തപുരം: കായിക മന്ത്രി വി.അബ്ദുറഹിമാന് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ കളി ബഹിഷ്കരിച്ച ആരാധകരുടെ തീരുമാനം തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് സാധ്യതകളെയാണ് ബാധിച്ചതെന്ന് ശശി തരൂര്‍ എംപി. വിവേകശൂന്യമായ പരാമര്‍ശം നടത്തിയ മന്ത്രിയെ ആയിരുന്നു ആരാധകര്‍ ബഹിഷ്കരിക്കേണ്ടിയിരുന്നത്. ക്രിക്കറ്റിനെയല്ലെന്നും അദ്ദേഹം പറഞ്ഞു. പട്ടിണിക്കാര്‍ കളി കാണേണ്ടെന്ന് മന്ത്രി വി.അബ്ദുറഹിമാന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തല്‍ കാണികള്‍ ഗണ്യമായി കുറഞ്ഞതിന് കാരണം മന്ത്രിയുടെ പ്രസ്താവന കാരണമാണെന്ന വാദം ഏറ്റുപിടിച്ചാണ് തരൂരിന്റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് താന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന തെറ്റിദ്ധരിച്ചതായി കരുതുന്നെന്നും തരൂര്‍ വ്യക്തമാക്കി.
ഫെയ്സ്ബുക്കിലൂടെയുള്ള തരൂരിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം...
കേരള സ്പോര്‍ട്സ് മന്ത്രിയുടെ വിവേകശൂന്യമായ പരാമര്‍ശത്തില്‍ രോഷാകുലരായ ക്രിക്കറ്റ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ബഹിഷ്കരണാഹ്വാനം നടത്തിയതിന്റെ ഫലമായി ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ കാണികള്‍ വളരെ കുറവായതില്‍ ഖേദം പ്രകടിപ്പിച്ച് ഇന്നലെ ഞാന്‍ നടത്തിയ പ്രസ്താവന ചിലര്‍ തെറ്റിദ്ധരിച്ചതായി തോന്നുന്നു.
ബഹിഷ്കരണം എന്നത് ജനാധിപത്യപരമായ അവകാശമാണ്; പക്ഷെ, ബഹിഷ്കരണം നടത്തുന്നവര്‍ ആര്‍ക്കെതിരെയാണോ പ്രതിഷേധിക്കുന്നത് ആ വ്യക്തിയെയായിരിക്കണം ലക്ഷ്യം വെക്കേണ്ടത്.
ടിക്കറ്റ് വാങ്ങാന്‍ പണമില്ലാത്തവര്‍ മത്സരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന മന്ത്രിയുടെ പരിഹാസത്തില്‍ പ്രകോപിതരായവരോട് എനിക്ക് എതിര്‍പ്പില്ല.
എന്നാല്‍ മത്സരം കാണാന്‍ പോലും മെനക്കെടാതിരുന്ന സ്പോര്‍ട്സ് മന്ത്രിയെ സംബന്ധിച്ചിടത്തോളം സ്റ്റേഡിയം നിറഞ്ഞിട്ടുണ്ടോ അതോ കാലിയാണോ എന്നതൊരു പ്രശ്നമല്ല. അതുകൊണ്ടു തന്നെ ഈ ബഹിഷ്കരണം അദ്ദേഹത്തെ ബാധിക്കാന്‍ ഇടയില്ല.
യഥാര്‍ത്ഥത്തില്‍ പ്രതിഷേധിക്കുന്നവര്‍ ബഹിഷ്കരിക്കേണ്ടിയിരുന്നത് മന്ത്രിയെയാണ്; ക്രിക്കറ്റ് കളിയെ ആയിരുന്നില്ല. ഇന്നലത്തെ ബഹിഷ്കരണം പ്രതികൂലമായി ബാധിക്കുന്നത് തിരുവനന്തപുരത്തെ ക്രിക്കറ്റിന്റെ സാധ്യതകളെയാണ്. മന്ത്രിയുമായോ അദ്ദേഹത്തിന്റെ വിവേകശൂന്യമായ അഭിപ്രായങ്ങളുമായോ ഒരു ബന്ധവുമില്ലാത്ത കെസിഎയ്ക്ക്, ഈ വര്‍ഷാവസാനം ലോകകപ്പ് വേദിയായി തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള തങ്ങളുടെ വാദത്തെ ശക്തിപ്പെടുത്താന്‍ നല്ല ജനപങ്കാളിത്തം ആവശ്യമായിരുന്നു.
ഇന്നലത്തെ കാലിയായ സ്റ്റേഡിയം ഒരു കാരണമായി BCCI നമുക്കെതിരെ ഒരു തീരുമാനമെടുത്താല്‍ കേരളത്തിലെ കായികപ്രേമികളെയാണ് അത് പ്രതികൂലമായി ബാധിക്കുന്നത് എന്നത് നാം മനസ്സിലാക്കേണ്ടതാണ്.
ഈ അഭിപ്രായമാണ് ഞാന്‍ സ്റ്റേഡിയത്തില്‍ വെച്ച് പ്രകടിപ്പിച്ചത്. പക്ഷെ, എന്റെ അഭിപ്രായം ഭാഗികമായും വ്യത്യസ്തവുമായുമാണ് റിപ്പോര്‍ട്ട് ചെയ്തത് എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. അത് കൊണ്ടാണ് ഇത്തരമൊരു വിശദീകരണം നടത്തേണ്ടി വന്നത്.
ഒരു ക്രിക്കറ്റ് ഫാന്‍ എന്ന നിലക്കും തിരുവനന്തപുരം ടോപ് ക്ലാസ് ക്രിക്കറ്റിന്റെ വേദിയാകണം എന്നാഗ്രഹിക്കുന്ന സ്ഥലം എം പി എന്ന നിലക്കുമുള്ള എന്റെ വിശദീകരണം എല്ലാവര്ക്കും വ്യക്തമായിക്കാണുമെന്ന് വിശ്വസിക്കുന്നു
Content Highlights: thiruvananthapuram cricket stadium-india-srilanka-shashi tharoor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..