മല്ലപ്പള്ളി: ഇന്ത്യന്‍ ഭരണഘടനയെ രൂക്ഷമായി വിമര്‍ശിച്ച് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.
'മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും' -സജി ചെറിയാന്‍ പറഞ്ഞു.
ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാന്‍ പറഞ്ഞു. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു സജി ചെറിയാന്‍.

തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്ന ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റും.
കോടതിയും, പാര്‍ലമെന്റുമെല്ലാം മുതലാളിമാര്‍ക്കൊപ്പമാണ്. മുതലാളിമാര്‍ക്ക് അനുകൂലമായി മോദി സര്‍ക്കാരിനെ പോലുള്ളവര്‍ തീരുമാനമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ ഭരണഘടന അവര്‍ക്കൊപ്പമാണ് എന്നതിന്റെ തെളിവാണ്.
ന്യായമായ കൂലി ചോദിക്കാന്‍ പറ്റുന്നില്ല. കോടതിയില്‍ പോയാല്‍ പോലും മുതലാളിമാര്‍ക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാവുക. ഇന്ന് കയ്യൂക്കുള്ളവന്‍ കാര്യക്കാരനാവുന്നത് ഭരണകൂടം അവര്‍ക്ക് അനുകൂലമാവുന്നത് കൊണ്ടാണ്. തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നത് കൊണ്ടാണ്. എട്ടുമണിക്കൂര്‍ ജോലി എട്ടുമണിക്കൂര്‍ വിശ്രമം എന്നതൊക്കെ ഇല്ലാതായി. ഇവര്‍ക്ക് ഈ ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടോയെന്നും സജി ചെറിയാന്‍ ചോദിച്ചു.
നാട്ടിലുണ്ടാകുന്ന ഏത് പ്രശ്‌നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. കൂലികിട്ടാത്ത കാര്യം ചോദ്യ ചെയ്ത് കോടതിയില്‍ പോയാല്‍ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണെന്നും സജി ചെറിയാന്‍ ചോദിച്ചു.
Content Highlights: Minister SajiCheriyan Against Indian Constitution
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..