മന്ത്രി സജി ചെറിയാൻ | ഫയൽ ഫോട്ടോ - മാതൃഭൂമി
ചെങ്ങന്നൂര്‍: കെ-റെയിലിനു ഭൂമിയേറ്റെടുക്കുമ്പോള്‍ വിപണിവിലയുടെ നാലിരട്ടി കിട്ടുമെന്നും അങ്ങനെ നോക്കുമ്പോള്‍ തന്റെ വസ്തുവിനും വീടിനും നാലഞ്ചു കോടി വിലവരുമെന്നും മന്ത്രി സജി ചെറിയാന്. കൊഴുവല്ലൂര്‍ സി.എസ്.ഐ. ജങ്ഷനില്‍ കെ-റെയിലുമായി ബന്ധപ്പെട്ടു സി.പി.എം. ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജനിച്ചത് സാമ്പത്തികാടിത്തറയുള്ള കുടുംബത്തിലാണ്. 52 സെന്റും അതിലൊരു വീടുമാണുള്ളത്. 18 ലക്ഷം രൂപ വായ്പയെടുത്താണു വീടുവെച്ചത്. സഹോദരങ്ങളുടെ കൂടി സഹായത്താലാണു വായ്പ തിരിച്ചടച്ചത്.
കാലശേഷം സ്വത്തുക്കള്‍ കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്കു കൈമാറുമെന്നതു ഹൃദയത്തില്‍നിന്നുള്ള തീരുമാനമായിരുന്നു. കരുണയെ ഒന്നും പറയരുത്. 20 ഏക്കര്‍ സ്ഥലവും പുരയിടവും കരുണയ്ക്കുണ്ട്. 4800 രോഗികളും 520 കിടപ്പുരോഗികളും കരുണയുടെ ഭാഗമാണ്. ചിലര്‍ മക്കളെപ്പോലും വെറുതേ വിടുന്നില്ല, മെറിറ്റിലാണ് അവര്‍ പ്രവേശനം നേടിയത്. കുടുംബത്തിലെ ആര്‍ക്കും സ്വാധീനമുപയോഗിച്ചു ജോലി വാങ്ങിക്കൊടുത്തിട്ടില്ല. എന്നാല്‍, ജനങ്ങള്‍ക്കുവേണ്ടി പല സഹായങ്ങളും ചെയ്തിട്ടുണ്ട്. സാമൂഹികാഘാതപഠനം നടത്തി മാത്രമേ കെ-റെയിലിനായി ഭൂമിയേറ്റെടുക്കൂവെന്നു മന്ത്രി പറഞ്ഞു.
പിന്നില്‍ തീവ്രവാദ മനോഭാവമുള്ള സംഘടനകള്‍
കെ-റെയില്‍ സമരത്തിനുപിന്നില്‍ തീവ്രവാദ മനോഭാവമുള്ള സംഘടനകളുണ്ടെന്ന് ആവര്‍ത്തിച്ചു മന്ത്രി സജി ചെറിയാന്. അത് യു.ഡി.എഫോ ബി.ജെ.പി.യോ അല്ല. ഇടതുപക്ഷവിരുദ്ധര്‍ വിമോചനസമരകാലത്തെപ്പോലെ ഒന്നിക്കുകയാണ്. കൊഴുവല്ലൂര്‍ ക്ഷേത്രഭൂമി കെ-റെയിലിനായി ഏറ്റെടുക്കുമെന്ന വ്യാജപ്രചാരണമുണ്ടാക്കി ആയുധങ്ങള്‍ കരുതി പ്രശ്നമുണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചു. മുളക്കുഴയിലെ സമരത്തിനു പണമിറക്കാന്‍ ആളുകളുണ്ടായിരുന്നു. പോലീസ് ആത്മസംയമനം പാലിച്ചാണുനിന്നത്. പോലീസിനെതിരേ പ്രതികരിച്ച കൊടിക്കുന്നില്‍ എം.പി. ഒരു രൂപയുടെ സഹായം നാടിനോ പദ്ധതിപ്രദേശമായ മുളക്കുഴയ്ക്കോ ചെയ്തിട്ടുണ്ടോയെന്നു മന്ത്രി ചോദിച്ചു.
മന്ത്രിയുടെ അനധികൃത സ്വത്ത് അന്വേഷിക്കണമെന്ന് പരാതി
ആലപ്പുഴ: ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ സ്വത്തിനെപ്പറ്റി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ വിജിലന്‍സിനും തിരഞ്ഞെടുപ്പുകമ്മിഷനും ലോകായുക്തയ്ക്കും പരാതി നല്കി. 2021-ല്‍ നിയമസഭയിലേക്കു മത്സരിച്ച സജി ചെറിയാന് നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 32 ലക്ഷം രൂപയാണ് സ്വത്തായി കാണിച്ചത്. എന്നാല്‍, കെ- റെയില്‍ സമരവുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി തന്റെ സ്വത്ത് അഞ്ചുകോടിയിലധികം വരുമെന്നാണു മന്ത്രി പറഞ്ഞത്. ഒരുവര്‍ഷത്തിനകം സമ്പത്തിലുണ്ടായ ഈ കുതിച്ചുചാട്ടത്തെപ്പറ്റി അന്വേഷിക്കണമെന്നാണാവശ്യം.
Content Highlights: Minister Saji Cheriyan wealth K-Rail Chengannur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..