തിരുവനന്തപുരം:  ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കേരളം വിടാനൊരുങ്ങുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. തെലങ്കാന നല്ല സ്ഥലമാണെങ്കില്‍ സിനിമ അവിടെ ചിത്രീകരിക്കട്ടെയെന്നാണ് സജി ചെറിയാന്റെ പ്രതികരണം.  ആരും എങ്ങോട്ടും പോകേണ്ട കാര്യമില്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. ടി.പി.ആര്‍ കുറയുന്നതിന് അനുസരിച്ചുമാത്രമെ സിനിമാ ചിത്രീകരണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാകു എന്നും സജി ചെറിയാന്‍ വ്യക്തമാക്കി. 

ആശങ്ക മാറട്ടെ, ആളുകളെ മരണത്തിലേക്ക് തള്ളിവിടാനാകില്ല.  ഇളവുകള്‍ അനുവദിക്കുന്നത് താനല്ല. കോവിഡ് എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കും. 

കഴിഞ്ഞ ദിവസങ്ങളില്‍ ഫെഫ്കയും അതോടൊപ്പം നിര്‍മ്മാതാക്കളുടെ സംഘടനയും സിനിമാ ചിത്രീകരണത്തിന്റെ കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.  ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്ന സാഹചര്യത്തില്‍ സിനിമാ ചിത്രീകരണം തെലങ്കാനയിലേക്ക് മാറ്റുകയാണെന്ന് കാട്ടി സര്‍ക്കാരിന് സംഘടനകള്‍ കത്തും നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. 

Content Highlight: Covid restrictions Minister Saji Cheriyan Press Meet