എസ് ജയശങ്കർ മാധ്യമങ്ങളോട് പ്രതികരിക്കുന്നു. ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ലോകകാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്‌ളൈഓവര്‍ കാണാന്‍ വന്നത് എന്തിനെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. കേന്ദ്രമന്ത്രി എന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ വിലയിരുത്തേണ്ടത് തന്റെ ചുമതലയാണെന്നും അതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര പദ്ധതികളുടെ പുരോഗതി കേന്ദ്രമന്ത്രിമാര്‍ വിലയിരുത്തിയില്ലെങ്കില്‍ മന്ത്രിമാര്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നില്ലെന്നാണ് കരുതേണ്ടത്. വികസനത്തെ രാഷ്ട്രീയവത്കരിക്കരുത്. വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്താനാണ് വിവിധ സംസ്ഥാനങ്ങളിലെത്തുന്നത്. അതിന്റെ ഭാഗമായാണ് കാര്യങ്ങള്‍ മനസിലാക്കാന്‍ കേരളത്തിലുമെത്തിയത്. അതില്‍ രാഷ്ട്രീയം കാണുന്നത് എന്തിനാണെന്ന് മനസിലാക്കുന്നില്ലെന്നും ജയശങ്കര്‍ പറഞ്ഞു. തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ കാണുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് എങ്ങനെ പറയാനാകും. തന്റെ സന്ദര്‍ശനത്തില്‍ കൂടുതല്‍ സമയവും ചെലവഴിച്ചത് പ്രധാനമന്ത്രിയുടെ പദ്ധതികള്‍ വിലയിരുത്താനായിരുന്നു. വീടുകളില്‍ വൈദ്യുതി വന്നതും കോളനികളില്‍ പദ്ധതികള്‍ വന്നതും വിലയിരുത്തുന്നത് രാഷ്ട്രീയമായി കാണുകയാണെങ്കില്‍ അത് അവരുടെ കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിനുപരിയായി വികസനം മനസിലാക്കുന്നവര്‍ക്ക് ഇതെല്ലാം മനസിലാകും. ഞങ്ങളതിനെ വികസനം എന്നു വിളിക്കുന്നു, ചിലര്‍ അതിനെ രാഷ്ട്രീയം എന്നു വിളിക്കുന്നു. അദ്ദേഹം പറഞ്ഞു.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ സത്യം പുറത്തു വരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും, നടപടിയെടുക്കേണ്ട സമയത്ത് കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വര്‍ണക്കടത്തുകേസ് കോടതിയുടെയും അന്വേഷണ ഏജന്‍സികളുടെയും പരിഗണനയിലിരിക്കുന്ന വിഷയമാണ്. കേസ് സംബന്ധിച്ച നടപടികള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. 'അങ്ങനെ ഒരു പ്രശ്നം ഉണ്ടെന്നു നമുക്കറിയാം. സത്യം കണ്ടെത്തുന്നതുവരെ കാത്തിരിക്കാം. അന്വേഷണ ഏജന്‍സികളില്‍ വിശ്വാസമുണ്ട്, അവരത് ചെയ്യും' എസ്.ജയശങ്കര്‍ പറഞ്ഞു. സ്വര്‍ണക്കടത്തു കേസിലെ സിബിഐ അന്വേഷണം സംബന്ധിച്ച ചോദ്യത്തിന്, കേരളം ചര്‍ച്ച ചെയ്യുന്നതുപോലെ ഇതു രാഷ്ട്രീയവിവാദമല്ലെന്നും രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രവിഷയമാണെന്നും ഉചിതമായ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തി തീരുമാനമെടുക്കുമെന്നും ജയശങ്കര്‍ പറഞ്ഞു.
Content Highlights: minister s jayasankar reply to cm pinarayi vijayan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..