ഇടുക്കി: മുല്ലപ്പെരിയാര്‍ ജലനിരപ്പ് സംബന്ധിച്ച് സുപ്രീം കോടതി വിധിയെ അനുകൂലമായി കാണുന്നുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. 

നിലവില്‍ 138 അടിയാണ് ജലനിരപ്പ്. അതുകൊണ്ട് നാളെ വെള്ളമൊഴുക്കി വിടും. വെള്ളം ഒഴുക്കിവിടാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

2018ല്‍ 139.99 ആയിരുന്നു ജലം ക്രമപ്പെടുത്താന്‍ പറഞ്ഞത്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് അന്ന് 13 ഷട്ടറുകളും തുറന്ന് 4000ല്‍ അധികം ഘനയടി വെള്ളം ഒഴുക്കിവിട്ടിരുന്നു. 1000 ഘനയടി വെള്ളമാണ് ഇപ്പോള്‍ തുറന്നുവിടാന്‍ ഉദ്ദേശിക്കുന്നത്. അതില്‍ കൂടിയാലും പ്രശ്‌നമുണ്ടാവാന്‍ സാധ്യതയില്ല. എല്ലാ തടസങ്ങളും ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

മുല്ലപ്പെരിയാര്‍ ജലനിരപ്പ് നവംബര്‍ 11 വരെ 139.5 അടിയില്‍ കൂടരുതെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. റൂള്‍ കര്‍വിനെക്കുറിച്ച് കേരളം ഉന്നയിച്ച കാര്യങ്ങളില്‍ വിശദമായ വാദം കേള്‍ക്കും. റൂള്‍ കര്‍വ് തര്‍ക്കത്തില്‍ നവംബര്‍ 9നകം കേരളം വിശദമായ സത്യവാങ്മൂലം നല്‍കണം. നവംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കും.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയാക്കരുതെന്നും തമിഴ്നാട് തയ്യാറാക്കിയ റൂള്‍ കര്‍വ് സ്വീകാര്യമല്ലെന്നും കേരളം സുപ്രീംകോടതിയില്‍ നിലപാടറിയിച്ചിരുന്നു. പ്രശ്നം ശാശ്വതമായിപരിഹരിക്കാന്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്നും കേരളം അറിയിച്ചിട്ടുണ്ട്. 30 ലക്ഷം ജനങ്ങളെ ബാധിക്കുന്ന കേരളത്തിന്റെ ആശങ്കകള്‍ മേല്‍നോട്ടസമിതി പരിഗണിച്ചില്ലെന്നും കേരളം വ്യക്തമാക്കി.