തിരുവനന്തപുരം: എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി കാണാന്‍ വരുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ മന്ത്രി മുഹമ്മദ് റിയാസിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. റിയാസ് പറഞ്ഞത് പാര്‍ട്ടിയുടെയും മുന്നണിയുടെയും പൊതുസമീപനമാണെന്നും പൊതുനിലപാടിന് അനുസൃതയാണ് മന്ത്രിയുടെ പ്രതികരണമെന്നും വിജയരാഘവന്‍ പറഞ്ഞു. 

സര്‍ക്കാരും മന്ത്രിമാരുടെ ഓഫീസും എങ്ങനെ പ്രവര്‍ത്തിക്കണമെന്നത് സംബന്ധിച്ച് വ്യക്തമായ സമീപനം സിപിഎമ്മിനുണ്ട്. ശുപാര്‍ശകളില്ലാതെ തന്നെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണമെന്നാണ് പാര്‍ട്ടിയുടെ സമീപനം. ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി കാണാന്‍ വരരുതെന്ന റിയാസിന്റെ നിയമസഭാ പ്രസംഗത്തിലെ പരാമര്‍ശത്തിനെതിരേ സിപിഎമ്മിനുള്ളില്‍ നിന്നുതന്നെയാണ് വിമര്‍ശനം ഉയര്‍ന്നത്. അതേസമയം, പാര്‍ട്ടി നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഒരടി പിന്നോട്ടില്ലെന്നും റിയാസ് വെള്ളിയാഴ്ച പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രിയെ പിന്തുണച്ച് പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം.

content highlights: minister riyas statement is CPM's general approach says vijayaraghavan