മന്ത്രി ആർ ബിന്ദു| ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: കാള പെറ്റു എന്ന് കേട്ടപ്പോള്‍ പ്രതിപക്ഷവും മാധ്യമങ്ങളും കയറെടുക്കുകയായിരുന്നുവെന്ന് മന്ത്രി ആര് ബിന്ദു. കണ്ണൂര്‍ വി സി പുനര്‍ നിയമനക്കേസില്‍ ലോകായുക്തയുടെ ക്ലീന്‍ചിറ്റ് കിട്ടിയതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
പ്രതിപക്ഷം രണ്ട് മാസമായി ആരോപണങ്ങളുടെ സമുച്ചയം ഉണ്ടാക്കിയ കേസാണിത്. പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായപ്പോള്‍ രമേശ് ചെന്നിത്തല എന്തെങ്കിലും ഇച്ഛാഭംഗം ഉണ്ടായതുകൊണ്ടാണോ ഈ ഒരു വിഷയം പെരുപ്പിച്ച് അതിന്റെ പിറകേ പോയതെന്ന് അറിയില്ല. കാര്യങ്ങള്‍ പഠിക്കാതെയും വിശകലനം ചെയ്യാതെയും അദ്ദേഹം പ്രസ്താവനകള്‍ നടത്തുന്നത് ഭൂഷണമല്ലെന്നും മന്ത്രി പറഞ്ഞു.
എന്റെ ജോലി നിര്‍വഹിക്കാന്‍ എന്നെ അനുവദിക്കണം. കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങളും മുന്നേറ്റങ്ങളും സൃഷ്ടിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. അതിന് എല്ലാവരുടേയും സഹകരണം വേണം. നിയമസഭയില്‍ പ്രതിപക്ഷ നേതാവില്‍ നിന്നും സഹകരണ മനോഭാവമാണ് കാണാന്‍ കഴിഞ്ഞതെന്നും അതില്‍ നന്ദി പ്രകടിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളോട് രമേശ് ചെന്നിത്തല അസഹിഷ്ണുത കാണിക്കുന്നു. പൊതുപ്രവര്‍ത്തനത്തിന്റെ സുദീര്‍ഘ പാരമ്പര്യമുള്ളവര്‍ വിവാദങ്ങള്‍ ഉണ്ടാക്കുകയും അതിന്റെ പിന്നാലെ പോകാനുമല്ല പരിശ്രമിക്കേണ്ടത്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതില്‍ കേന്ദ്രീകരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതിനായി ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം കൈ കോര്‍ത്തുപിടിക്കുക എന്നുള്ളതാണ്. കേരളത്തില്‍ ഏറ്റവും അനിവാര്യമായിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ അതിന് വേണ്ടി സൃഷ്ടിപരമായ സഹകരണമാണ് രമേശ് ചെന്നിത്തലയെ പോലെ ദീര്‍ഘകാല പാരമ്പര്യമുള്ള ഒരാളില്‍ നിന്ന് താന്‍ പ്രതീക്ഷിക്കുന്നത്. അത് ഈ സമയത്ത് അദ്ദേഹത്തോട് അഭ്യര്‍ഥിക്കുകയാണെന്നും മന്ത്രി ആര് ബിന്ദു പറഞ്ഞു.
ഗവര്‍ണറുമായി നേരിട്ട് ഏറ്റുമുട്ടേണ്ട കാര്യമില്ല. അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ് വിവാദമുണ്ടാക്കാനില്ലെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളും ആവശ്യമായ പിന്‍ബലം നല്‍കണമെന്നും മന്ത്രി പറഞ്ഞു.
Content Highlights: Minister R Bindu slams Ramesh Chennithala on Lokayukta verdict
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..