തിരുവല്ല: ചെങ്ങന്നൂരിലെത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ അകമ്പടി വാഹനത്തിനു പിന്നില്‍ കാര്‍ ഇടിച്ചു. കാര്‍ ഓടിച്ചിരുന്ന പന്തളം ചേരിക്കല്‍ സ്വദേശി ലനിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന് ബിജെപി ആരോപിച്ചു.

പന്തളം കുളനടക്ക് സമീപം ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയതായിരുന്നു മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ഇദ്ദേഹത്തിന് അകമ്പടി പോയ പോലീസ് വാഹനത്തിനു പിന്നിലാണ് ലെനിന്‍ ഓടിച്ചിരുന്ന വാഹനം ഇടിച്ചത്. 

കസ്റ്റഡിയിലെടുത്ത ലെനിനെ പോലീസ് വൈദ്യപരിശോധനക്ക് വിധേയനാക്കി. ഇയാള്‍ മദ്യപിച്ചിരുന്നതായി വ്യക്തമായതായി പോലീസ് പറഞ്ഞു. പന്തളം പോലീസിന്റെ കസ്റ്റഡിയിലാണ് ഇയാള്‍ ഇപ്പോള്‍ ഉള്ളത്. മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം, സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഈ വിഷയത്തോട് പ്രതികരിക്കാന്‍ മന്ത്രി തയ്യാറായിട്ടില്ല.

Content Highlights: prakash javadekar, pilot vehicle accident, chengannur election