തൃശ്ശൂർ: കുതിരാൻ തുരങ്ക നിർമാണവും തുരങ്കത്തിലൂടെയുള്ള ഗതാഗതം തുറന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി കുതിരാൻ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

വിഷയത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജൂൺ എട്ടിന് പ്രത്യേക യോഗം ചേരും. അടിയന്തര പ്രാധാന്യത്തോടെയാണ് വിഷയത്തെ കാണുന്നതെന്നും നിർമാണത്തിലെ പോരായ്മകൾ മനസ്സിലാക്കിയിട്ടുണ്ടെന്നും നിർമാണ കമ്പനി അധികൃതരും ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് ഒരു തുരങ്കമെങ്കിലും ഉടൻ തുറക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിലെ സഞ്ചാരപാത ഒരു മീറ്റർ കൂടി വീതികൂട്ടി പണിയുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. മന്ത്രി ആർ. ബിന്ദു, ജില്ലാ കളക്ടർ എസ്.ഷാനവാസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

Content Highlights:minister pa muhammad riyas visited kuthiran tunnel