പി.എ. മുഹമ്മദ് റിയാസ്, ചേതൻ അഹിംസ
കോഴിക്കോട്: ഹിന്ദുത്വയെ വിമര്‍ശിച്ച കുറ്റത്തിന് കന്നട നടന്‍ ചേതന്‍ അഹിംസയെ അറസ്റ്റുചെയ്ത കര്‍ണാടക പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നടപടി പ്രതിഷേധാര്‍ഹമാണെന്ന് റിയാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഹിന്ദുത്വയും ഹിന്ദുമതവും രണ്ടാണ്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കര്‍ണാടകയില്‍ ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിച്ച് നേട്ടം കൊയ്യാമെന്നാണ് സംഘപരിവാര്‍ കരുതുന്നത്. സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് നാടിനെ വര്‍ഗീയ കളമാക്കുന്ന സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരേ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും റിയാസ് കുറിച്ചു.
മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക് കുറിപ്പ്:
ഹിന്ദുത്വയെ വിമര്‍ശിച്ച കുറ്റത്തിന് കന്നഡ നടന്‍ ചേതന്‍ അഹിംസയെ അറസ്റ്റുചെയ്ത കര്‍ണാടക പൊലീസിന്റെ നടപടിയില്‍ പ്രതിഷേധാര്‍ഹമാണ്. ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്ന് ട്വിറ്ററില്‍ കുറിച്ചതിനാണ് നടനും ആക്റ്റിവിസ്റ്റുമായ ചേതന്‍ അഹിംസയെ കര്‍ണാടക പൊലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്.
ഹിന്ദുമത വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് അറസ്റ്റ്.
ഹിന്ദുത്വയും ഹിന്ദുമതവുമായി കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. 'ഹിന്ദുത്വ' എന്നത് അക്രമോത്സുകതയിലൂന്നിയ സംഘപരിവാറിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര പദ്ധതിയാണ്.
മതത്തെ രാഷ്ട്രീയാധികാരത്തിനുള്ള ഉപകാരണമാക്കുന്ന ഹിന്ദുത്വയ്ക്ക് ഹിന്ദുമതവുമായോ ഹിന്ദുമത വിശ്വാസവുമായോ ഒരു ബന്ധവുമില്ല.
ഹിന്ദുത്വയേയും സംഘപരിവാറിനെയും വിമര്‍ശിക്കുന്നത് ഏതര്‍ഥത്തിലാണ് ഹിന്ദുമത വിമര്‍ശനമാവുന്നത്?
ഹിന്ദുമതവും ഹിന്ദുത്വയും രണ്ടും ഒന്നാണ് എന്ന് സ്ഥാപിക്കാനാണ് രാജ്യത്താകെ സംഘപരിവാര്‍ എന്നും ശ്രമിച്ചുപോരുന്നത്. അതിന്റെ തുടര്‍ച്ചയായി വേണം ഹിന്ദുത്വയെ വിമര്‍ശിച്ചതിന്റെ പേരില്‍ ചേതന്‍ അഹിംസയെ അറസ്റ്റുചെയ്ത സംഭവത്തെ കാണാന്‍.
ഹിന്ദുത്വയെ വിമര്‍ശിച്ചു എന്ന കുറ്റത്തിനാണ് എംഎം കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും കര്‍ണാടകയുടെ മണ്ണില്‍ രക്തസാക്ഷികളായത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയിരിക്കുന്ന കര്‍ണാടകയില്‍ ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിച്ച് നേട്ടം കൊയ്യാമെന്നാണ് സംഘപരിവാരം കരുതുന്നത്. അതിന്റെ ഭാഗമായാണ് ടിപ്പു സുല്‍ത്താനെ വധിച്ചത് വൊക്കലിഗ സമുദായത്തിലെ ഉറി ഗൗഡ, നഞ്ചേ ഗൗഡ എന്നിവരാണെന്ന ചരിത്രവിരുദ്ധമായ പ്രസ്താവനകള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ സംഘപരിവാരം നടത്തിയത്. നാലാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തില്‍ ബ്രിട്ടീഷുകാരാണ് ടിപ്പുവിനെ വധിച്ചതെന്ന ചരിത്രവസ്തുതയെ മറച്ചുവെച്ചുകൊണ്ട് വര്‍ഗീയ ധ്രുവീകരണത്തിനാണ് കര്‍ണാടകയിലെ ഹിന്ദുത്വ ശക്തികളുടെ ശ്രമം. ഇതിനെയാണ് നടന്‍ ചേതന്‍ തന്റെ ട്വീറ്റിലൂടെ വിമര്‍ശിച്ചത്.
നാടിനെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് വര്‍ഗീയ കളമാക്കുന്ന സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഹിന്ദുത്വയെ വിമര്‍ശിച്ചുള്ള പരാമര്‍ശത്തിനെതിരേ കന്നട നടന്‍ ചേതന്‍ അഹിംസയെ ചൊവ്വാഴ്ചയാണ് അറസ്റ്റുചെയ്തത്. ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്ന ട്വീറ്റിന്റെ പേരിലാണ് ശേഷാദ്രിപുരം പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. മാര്‍ച്ച് 20-ന് നടത്തിയ ട്വീറ്റിനെതിരേ ശിവകുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295എ, 505(2) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Content Highlights: minister pa muhammad riyas against chetan ahimsa arrest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..